കോലഞ്ചേരി: തിരുവാങ്കുളം- തൃപ്പൂണിത്തുറ റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ മാമല, പാലച്ചുവട്, വാപ്പാലത്താഴം, ചിത്രപ്പുഴ ബൈപ്പാസ് റോഡ് എന്ന സ്വപ്ന പദ്ധതിയുമായി മാമല നിവാസികൾ. ഇതുസംബന്ധിച്ച് കുന്നത്തുനാട്ടിലെ നവകേരള സദസിൽ എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ നൽകിയ പരാതിയും രൂപരേഖയും സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗത്തോട് മന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാത വഴി മാമല, തിരുവാങ്കുളത്ത് എത്തി തൃപ്പൂണിത്തുറ വഴിക്കുള്ള യാത്രയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ജനത്തിന് ഏറെ സമയനഷ്ടവും സാമ്പത്തിക നഷ്ടവും സൃഷ്ടിക്കുന്നുണ്ട്. എറണാകുളത്തേയ്ക്ക് ജോലി, ബിസിനസ് ആവശ്യങ്ങൾക്ക് പോകുന്ന യാത്രക്കാരും വിദ്യാർത്ഥികളുമുൾപ്പടെ നിരവധി പേരാണ് പ്രതിദിനം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത്. ഇതിന് ബദൽ മാർഗം എന്ന നിലയിലാണ് മാമല, പാലച്ചുവട്ടിൽ നിന്ന് ആരംഭിച്ച് വാപ്പാലത്താഴം വഴി ചിത്രപ്പുഴ ബൈപ്പാസ് റോഡ്. നിലവിൽ ഈ റോഡിന്റെ 3. 2 കിലോമീറ്റർ ദൂരം 8 മീറ്റർ വീതിയിൽ നിർമ്മിച്ച് തിരുവാണിയൂർ ഗ്രാമ പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. ഏകദേശം 15 കോടി രൂപ ചെലവഴിച്ച് കൊച്ചിൻ റിഫൈനറി സ്ഥലം ഏറ്റെടുത്ത് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബി.എം, ബി.സി നിലവാരത്തിലുള്ള റോഡാണ് പഞ്ചായത്തിന് കൈമാറിയത്. തണ്ണീർത്തടം സംരക്ഷിച്ചുകൊണ്ട് തന്നെ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചാൽ മാമല, പാലച്ചുവട്ടിൽ തുടങ്ങി ചിത്രപ്പുഴ, തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷൻ വരെയുള്ള ദൂരം 5 കിലോ മീ​റ്ററായി ചുരുങ്ങുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. റോഡിന് ആവശ്യമായ തുകയ്ക്ക് സർക്കാരിനെ സമീപിക്കാതെ കൊച്ചി ബി.പി.സി.എൽ റിഫൈനറി സി.എസ്.ആർ ഫണ്ടിൽ നിന്ന് വീണ്ടും ഉപയോഗിക്കാവുംവിധമാണ് പ്രൊപ്പോസൽ തയാറാക്കിയത്.