കോലഞ്ചേരി: നവകേരള സദസിന്റെ ഭാഗമായി തോന്നിക്ക ജംഗ്ഷൻ മുതൽ കോലഞ്ചേരി ബ്ലോക്ക് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇന്നു രാവിലെ മുതൽ വാഹന പാർക്കിംഗ് പൂർണമായും നിരോധിച്ചു. മാമല മുതൽ കോലഞ്ചേരി വരെ റോഡിന്റെ ഇരുവശങ്ങളിലും അനധികൃത പാർക്കിംഗ് അനുവദിക്കുന്നതല്ലെന്ന് പുത്തൻകുരിശ് പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് 2 മുതൽ മൂവാറ്റുപുഴ നിന്ന് എറണാകുളത്തേയ്ക്ക് പോകുന്ന ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ തോന്നിക്ക ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പൊട്ടയ്ക്കപീടിക വഴി പാറേക്കാട്ടി കവലയിൽ എത്തണം. അതിനുശേഷം വലത്തോട്ട് നീങ്ങി കോട്ടൂർ പള്ളി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കിങ്ങിണിമറ്റം സ്‌കൂൾ ജംഗ്ഷനിൽ എത്തിച്ചേരണം. തുടർന്ന് വലത്തോട്ട് വള്ളിക്കാട്ടുപടിയിൽ നിന്ന് പൂതൃക്ക സ്‌കൂൾ ജംഗ്ഷനിൽ പ്രവേശിക്കണം. അതിനുശേഷം മീമ്പാറ ജംഗ്ഷനിൽ നിന്ന് കുറിഞ്ഞിപ്പള്ളി ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് പുത്തൻകുരിശ് ടൗൺ വഴി എറണാകുളത്തേക്ക് പോകണം. എറണാകുളത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതുപ്പനം പെട്രോൾ പമ്പിന് എതിർവശത്തെ എം.എൽ.എ റോഡുവഴി കൊതുകാട്ടിപീടിക എത്തി വലത്തോട്ടു തിരിഞ്ഞ് മൂശാരിപ്പടി കാരമോളപീടികയിലെത്തണം. തുടർന്ന് വലത്തോട്ടു തിരിഞ്ഞ് മങ്ങാട്ടൂർ, ഞെരിയാൻകുഴി ജംഗ്ഷനിലെത്തിച്ചേരണം. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് തോന്നിക്ക വഴി മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകണം. നവകേരള സദസിൽ പങ്കെടുക്കാൻ വരുന്ന തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, പൂതൃക്ക ,ഐക്കരനാട് പഞ്ചായത്തുകളിൽ നിന്നുള്ള വാഹനങ്ങൾ അമ്മിണി ട്രേഡേഴ്സിന് സമീപം നിർത്തി ആളെ ഇറക്കണം. മഴുവന്നൂർ, വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിൽ നിന്നുള്ളവരെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഇറക്കിയശേഷം വാഹനങ്ങൾ ഹിൽടോപ്പ്, കടയിരുപ്പ് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ട്, പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ട്, കടമറ്റംപള്ളി ഗ്രൗണ്ട്, മെഡിക്കൽ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.