മൂവാറ്റുപുഴ: കല്ലൂർക്കാട് പാലക്കോട്ട് ചാക്കോച്ചന്റെ വീടിന്റെ മുറ്റം നാളുകൾ പിന്നിടുംതോറും ശില്പങ്ങളാൽ സമ്പന്നമാകുകയാണ്. മുറ്റത്തും മതിലിലും പറമ്പിലും മാത്രമല്ല വീടിനകത്തേക്കുവരെ വ്യാപിച്ചുകഴിഞ്ഞു അദ്ദേഹത്തിന്റെ ശില്പനിർമ്മാണം.

മനസിൽ ഉരുത്തിരിയുന്ന രൂപങ്ങൾ കോൺക്രീറ്റിലാണ് ചാക്കോച്ചൻ ശില്പങ്ങളാക്കുന്നത്. കാളവണ്ടി ഓട്ടമത്സരത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ളയാളാണ് ചാക്കോച്ചൻ. കാളവണ്ടിയോട്ട മത്സരങ്ങൾക്ക് നിയന്ത്രണം വന്നതോടെ ചാക്കോച്ചന് കാളകളെ വിൽക്കേണ്ടിവന്നു. കാളകളുടെ ഓർമ്മ നിലനിർത്താൻ മുറ്റത്ത് കാളക്കൂറ്റന്റെ ശില്പം സിമന്റിൽ നിർമ്മിച്ചുകൊണ്ടാണ് ചാക്കോച്ചൻ കലയുടെ ലോകത്തേക്ക് ചുവടുമാറിയത്. ചാക്കോച്ചന്റെ കാളശില്പത്തിന് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രശംസ ലഭിച്ചു. തുടർന്ന് ശില്പനിർമ്മാണം ഒരു ശീലമാക്കി. ഒന്നിന് പുറകെ മറ്റൊന്നായി നിരവധി ശില്പങ്ങൾ പിറവികൊണ്ടു. ഇതുവരെ നാൽപ്പത് പ്രതിമകൾ ചാക്കോച്ചൻ നിർമ്മിച്ചുകഴിഞ്ഞു. ആന,​ കുതിര,​ ഒട്ടകം,​ സിംഹം,​ മാൻ തുടങ്ങിയ മൃഗങ്ങളും കൊക്ക്,​ പരുന്ത് തുടങ്ങി പക്ഷികളും കൂടാതെ കുതിരപ്പുറത്തേറി വ്യാളിയെ കുത്തുന്ന വിശുദ്ധ ഗീവർഗീസ് പുണ്യാളൻ,​ ക്രിസ്തുദേവന്റെ ഉയിർപ്പ് , ചാവറ പിതാവ് , മാലാഖമാർ എന്നിവയും ചാക്കോച്ചന്റെ കരുവിരുതിൽ ശില്പരൂപം പ്രാപിച്ചു . മലമുകളിൽ പ്രാർത്ഥിക്കുന്ന യേശുദേവനും മഹാത്മാഗാന്ധിയും അയ്യങ്കാളിയും അവയിൽ ഏറെ ശ്രദ്ധേയം. കുതിരയുടെ ശില്പം പൂർത്തിയായതോടെ ഒരു ജീവനുള്ള കുതിര കുട്ടിയെയും ചാക്കോച്ചൻ സ്വന്തമാക്കി. താത്പര്യമുള്ളവർക്ക് കുതിരസവാരിയും പരിശീലിപ്പിക്കുന്നു. എഴുപതുകാരനായ ചാക്കോച്ചന്റെ ശില്പ നിർമ്മാണത്തിനും മൃഗപരിപാലനത്തിനും പിന്തുണയേകി ഭാര്യ മേഴ്സിയും ഒപ്പമുണ്ട്.