
കൊച്ചി: അഴിമതി കുറഞ്ഞാൽ പോരാ, ഇല്ലാതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളെ സേവിക്കുമ്പോൾ എന്തെങ്കിലും കൈപ്പറ്റാമെന്ന് ഉദ്യോഗസ്ഥർ കരുതരുത്. തദ്ദേശ വകുപ്പിന്റെ കെ-സ്‌മാർട്ട് സോഫ്‌റ്റ്‌വെയർ ആപ്ളിക്കേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി കലയായി സ്വീകരിച്ചവരും അവകാശമാക്കിയവരുമുണ്ട്. ചെയ്ത ജോലിക്കുള്ള ശമ്പളം വാങ്ങുന്നതാണ് അവകാശം. ഉദ്യോഗസ്ഥരുടെ ചുമതല ജനങ്ങളെ സേവിക്കുകയാണ്. അപേക്ഷകർ അനാവശ്യമായി പീഡിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. അഴിമതി കുറച്ചധികം നിലനില്ക്കുന്ന സ്ഥലങ്ങൾ ഏതാണെന്ന് ഇവിടെയുള്ളവർക്കറിയാം. ചില ശീലങ്ങൾ ഉപേക്ഷിക്കണം. പലരും ഇതെല്ലാം തങ്ങൾ എത്ര കണ്ടതാണെന്ന നിലയ്ക്ക് പഴയ ശീലം തുടരാൻ മെനക്കെടാറുണ്ട്. ഇതിന്റെ ഉദാഹരണം തന്റെ പക്കലുണ്ട്. ആളെ ബുദ്ധിമുട്ടിക്കുന്നതിൽ ചിലർ പ്രാവീണ്യം നേടിയവരാണ്. അപേക്ഷയുടെ ഭാഗമായി പരിഹരിക്കേണ്ട കാര്യങ്ങൾ ഒറ്റത്തവണ തന്നെ പറയാനാകണം. അത് പരിഹരിക്കുന്നതിന് തയ്യാറായാൽ അനുമതി നൽകാം. കാലതാമസം ഒഴിവാക്കണം. അപേക്ഷകരുടെ നിർമ്മാണ പ്രവർത്തനങ്ങൾ, അതുമായി ബന്ധപ്പെട്ട പെർമിറ്റ് എന്നിവ ശരിയായിട്ടുണ്ടാവും എന്നാൽ അനുമതിയാണ് വേണ്ടത്. ഈ സന്ദർഭങ്ങളിൽ പലരും പീഡിപ്പിക്കപ്പെടുകയാണ്. പലരും ലോൺ എടുത്താണ് സംരംഭങ്ങൾ തുടങ്ങുന്നത്. ഇതിന് വലിയ പലിശയാകും.
രാജ്യത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്ന സംവിധാനം. വിവിധ പോർട്ടലുകൾ വഴിയും ആപ്പുകൾ വഴിയും ലഭിച്ചിരുന്ന സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്. സേവനങ്ങൾക്കായി പ്രവാസികൾ നാട്ടിലേക്കു വരേണ്ട അവസ്ഥ ഇനിയുണ്ടാവില്ല. തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിലൂടെ എല്ലാ ജനങ്ങൾക്കും കെ-സ്മാർട്ട് അടക്കമുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ-സ്മാർട്ട് മൊബൈൽ ആപ്പുമെത്തു
കെ-സ്മാർട്ട് മൊബൈൽ ആപ്പ് മന്ത്രി പി. രാജീവ് പുറത്തിറക്കി. കെ-സ്മാർട്ട് ലോഗോ പ്രകാശനം തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ് നിർവഹിച്ചു. എറണാകുളം ജില്ലാ പ്രൊഡക്ട് ഇന്നൊവേഷൻ സെന്റർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. 109 തദ്ദേശ സ്ഥാപനങ്ങളുടെ പുതുക്കിയ വെബ് സൈറ്റുകളുടെ പ്രകാശനം സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി. അലക്സ് നിർവഹിച്ചു. ഇൻഫർമേഷൻ കേരള മിഷനും കർണാടക മുനിസിപ്പൽ ഡേറ്റ സൊസൈറ്റിയും തമ്മിലുള്ള ധാരണാപത്രം ചീഫ് മിഷൻ ഡയറക്ടറും എക്സിക്യുട്ടിവ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു കെ.എം.ഡി.സി ജോയിന്റ് ഡയറക്ടർ പ്രീതി ഗെഹ്ലോട്ടിന് കൈമാറി.
ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മേയർ എം. അനിൽ കുമാർ. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, സി.എസ്.എം.എൽ സി.ഇ.ഒ ഷാജി വി.നായർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.