തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ ഇന്ന് വൈകിട്ട് 2.30 ന് പുതിയകാവ് ക്ഷേത്ര മൈതാനിയിൽ നടക്കുന്ന നവകേരള സദസിനായി ഒരുക്കങ്ങൾ പൂർത്തിയായി. സംഘാടക സമിതി ചെയർമാൻ എം. സ്വരാജ് അദ്ധ്യക്ഷത വഹിക്കും. കാനം രാജേന്ദ്രന്റെ മരണം മൂലം നിശ്ചയിച്ചതിലും 25 ദിവസത്തിനു ശേഷം നടക്കുന്ന സദസിൽ വൻ ജനാവലിയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
മുൻപ് 7,500 പേരെ ഉൾക്കൊള്ളിക്കാൻ ഒരുക്കിയിരുന്ന പന്തലിൽ ഇക്കുറി കൂടുതൽ ആളുകളെ ഉൾ ക്കൊള്ളാൻ പാകത്തിൽ വിപുലീകരിച്ചു. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാനും മറ്റുമായി ഡിസംബറിൽ സ്ഥാപിച്ച 25 കൗണ്ടറുകൾ 30 ആയി വർദ്ധിപ്പിച്ചു. പരാതി സ്വീകരിക്കാനും എഴുതാൻ സഹായിക്കാനും സർക്കാർ ഉദ്യോഗസ്‌ഥരടക്കം 300 ലേറെ വളന്റിയർമാരും ഉണ്ടാകും. ഉദയംപേരൂർ സുന്നഹദോസ് പള്ളി, ഗവ. ആയുർവേദ കോളജ്, പുതിയകാവ് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ്പള്ളി, ഉദയംപേരൂർ പെരുംതൃക്കോവിൽ ക്ഷേത്ര ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്കിംഗിന് സ്ഥലം ഒരുക്കിയിട്ടുണ്ട്. സദസിന് വരുന്ന ബസുകൾ പുതിയകാവ് ക്ഷേത്ര മൈതാനിയിൽ ആളെ ഇറക്കിയ ശേഷം നടക്കാവ് ഭഗവതിക്ഷേത്ര ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.