പെരുമ്പളം: അതിശക്തമായ വേലിയേറ്റവും വേലിയിറക്കവും ബോട്ടുകളിൽ നിന്നുള്ള കായലിലെ ഓളം വെട്ടും പെരുമ്പളം ദ്വീപിന്റെ തീരശോഷണത്തിന് കാരണമാകുന്നു. ദ്വീപിന് ചുറ്റും കരിങ്കൽ കെട്ട് നിർമ്മിച്ച് ദ്വീപിനെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്തിലെ 14 ബോട്ട് ജെട്ടികളിൽ 700 തവണ ഫെറിബോട്ടുകൾ അടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഓരോ തവണയും ബോട്ടുകൾ തീരത്തണയുമ്പോൾ ഉണ്ടാകുന്ന ശക്തമായ തിരയടി കാലപ്പഴക്കം ചെന്ന ജെട്ടിയുടെ സമീപ പ്രദേശത്തെ മണ്ണിടിച്ചിലിന് കാരണമാകുന്നു.
യുവജനക്ഷേമവകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പെരുമ്പളം സന്ദർശിച്ച സമയത്ത് നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ദ്വീപിന് ചുറ്റും കരിങ്കൽ ബണ്ട് നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ പ്രഖ്യാപനമല്ലാതെ യാതൊരു തുടർനടപടിയും ഉണ്ടായില്ല. കായൽ തീരത്ത് താമസിക്കുന്നവർ സ്വന്തമായി നിർമ്മിച്ച കൽക്കെട്ട് തീരം ഇടിഞ്ഞതിനെ തുടർന്ന് പലയിടത്തും തകർന്ന അവസ്ഥയിലാണ്.
ചരിഞ്ഞ് വീഴാറായി വെയ്റ്റിംഗ് ഷെഡ്
കാളത്തോട് ബോട്ടുജെട്ടിക്ക് സമീപമുള്ള കോൺക്രീറ്റ് വെയ്റ്റിംഗ് ഷെഡ് തറഭാഗത്തെ മണൽത്തിട്ട കായലിലേക്ക് ഒലിച്ചു പോയതിനെ തുടർന്ന് ചരിഞ്ഞു നിൽക്കുകയാണ്. ജെട്ടിയുടെ സമീപമുള്ള കടയുടെ തറഭാഗവും നെടുകെ പിളർന്ന അവസ്ഥയിലാണ്.
........................................
പാലം വരുന്നതോടെ ടൂറിസ്റ്റ് രംഗത്ത് വൻ വികസന കുതിപ്പിനൊരുങ്ങുന്ന പെരുമ്പളത്തെ കായലോരങ്ങൾ കണ്ടൽ ചെടികളും മരങ്ങളും നട്ടുവളർത്തി സംരക്ഷിക്കാനുളള പദ്ധതിക്ക് അധികൃതർ തയ്യാറാകണം.
എം.എസ്. ദേവരാജ്, പൊതു പ്രവർത്തകൻ