മൂവാറ്റുപുഴ: 2018ലെ പ്രളയത്തിൽ കടപുഴകിവീണ വൃക്ഷം ഇതുവരെ പൂർണമായി നീക്കം ചെയ്തിട്ടില്ലെന്ന് പരാതി. നഗരസഭ 16-ാം വാർഡിൽ മണ്ണാൻകടവിനും - പള്ളി കടവിനും മദ്ധ്യ ഭാഗത്ത് കടപുഴകി വീണ മരമാണ് ഇപ്പോഴും മാറ്റാതെ കിടക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് മരം വെട്ടിമാറ്റുന്നതിന് നഗരസഭ ടെൻഡർ ക്ഷണിച്ചിരുന്നു. മരത്തിന്റെ കുറെ ഭാഗം വെട്ടിമാറ്റുകയും ചെയ്തു. എന്നാൽ അവശേഷിക്കുന്ന ഭാഗം നീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കാത്തതാണ് വീണ്ടും പരാതി ഉയരാൻ കാരണം. പുഴയോരംകെട്ടി വീടുകൾക്കും മറ്റും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പേട്ട നിവാസികൾ നവകേരളസദസിൽ നിവേദനം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.