
കൊച്ചി: എ.ഐ.ടി.യു.സി 18-ാം സംസ്ഥാന സമ്മേളനം ഇന്നുമുതൽ അഞ്ചു വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ നടക്കും. വൈകിട്ട് 4ന് സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു പതാക ഉയർത്തും. പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.എം.ദിനകരൻ അദ്ധ്യക്ഷത വഹിക്കും.
നാളെ രാവിലെ 10ന് എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, എച്ച്.എം.എസ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. തമ്പാൻ തോമസ് എന്നിവർ സംസാരിക്കും.
ഉച്ചയ്ക്ക് 3ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. 3, 4, 5 തീയതികളിൽ ചർച്ചകൾ. കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ആവിഷ്കരിക്കുമെന്ന് കെ.പി.രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുറഞ്ഞ കൂലിയായ 700 രൂപ എല്ലാ മേഖലകളിലും ഉറപ്പാക്കുക, സ്ത്രീ തൊഴിലാളി സംരക്ഷണ പദ്ധതി നടപ്പാക്കുക, അർഹരായ താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ജോലി സമയം ഏഴു മണിക്കൂറാക്കുക, പൊതുമേഖലയിൽ പെൻഷൻ പ്രായം 60 ആക്കുക തുടങ്ങിയവയാണ് ഉന്നയിക്കുന്ന ആവശ്യങ്ങൾ.