ആലുവ: പുതുവത്സരാഘോഷ സമയത്ത് റൂറൽ ജില്ലയിൽ ഒരിടത്തും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നത് പൊലീസ് ആശ്വാസമായി. സുരക്ഷയ്ക്ക് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.

31ന് രാവിലെ മുതൽ ഒന്നാം തീയതി രാവിലെ ഏഴ് വരെ കനത്ത പൊലീസ് നിരീക്ഷണത്തിലായിരുന്നു റൂറൽ ജില്ല. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടായിരുന്നു. പ്രധാന ഇടങ്ങളിൽ മഫ്ടി പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചത്. നിശാപാർട്ടികളും മറ്റും പൊലീസ് നിരീക്ഷണത്തിലായിരുന്നു. മദ്യവും മയക്കുമരുന്നും പിടികൂടുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

ജില്ലാ അതിർത്തികളിൽ പ്രത്യേക പരിശോധന നടത്തി. പോക്കറ്റടിക്കാർ, പിടിച്ചുപറിക്കാർ, ലഹരി വിൽപ്പനക്കാർ, ഗുണ്ടകൾ, മുൻകാല കുറ്റവാളികൾ, സാമൂഹ്യ വിരുദ്ധർ, വിവിധ കേസുകളിൽ ജാമ്യമെടുത്തിട്ടുള്ളവർ എന്നിവരെല്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രധാന സ്ഥലങ്ങളിൽ എസ്.പി നേരിട്ട് സന്ദർശനം നടത്തി.

382 പേർക്കെതിരെ നടപടിയെടുത്തു

റൂറൽ ജില്ലയിൽ 382 പേർക്കെതിരെ നിയമലംഘനത്തിന് നടപടിയെടുത്തു. മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട്- 212, പൊതുസ്ഥലത്ത് മദ്യപാനം- 71, മയക്കുമരുന്നുമായി ബന്ധപ്പെട്ട് -എട്ട്, നിരോധിത പുകയില വില്പന- അഞ്ച് എന്നിങ്ങനെ കേസുകൾ രജിസ്റ്റർ ചെയ്തു. മുൻകാല കുറ്റവാളികളായ 28 പേരുടെ പ്രിവന്റീവ് അറസ്റ്റ് രേഖപ്പെടുത്തി.