p

കൊച്ചി: റോഡിലെ കുഴിയിൽവീണു പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിക്ക് നഷ്ടപരിഹാരത്തിന് ഉപഭോക്തൃ കോടതിയെ സമീപിക്കാനാവില്ലെന്ന കരാറുകാരന്റെ വാദം എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാരഫോറം തള്ളി. ഹർജി നിയമപരമായി നിലനിൽക്കുമെന്നും വ്യക്തമാക്കി.

2021 മാർച്ച് മൂന്നിന് രാവിലെ മൂവാറ്റുപുഴ- തൊടുപുഴ റോഡിൽ വാഴക്കുളം സെന്റ് ജോർജ് പള്ളിക്ക് സമീപമുണ്ടായ അപകടത്തിലാണ് മൂവാറ്റുപുഴ സ്വദേശി ഷിജി ജോഷിക്ക് പരിക്കേറ്റത്. 8.5 ലക്ഷംരൂപ നഷ്ടപരിഹാരം തേടിയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കരാറുകാരൻ ജോർജ് വള്ളമറ്റം ഉപഹർജി നൽകിയത്. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരഫോറം പ്രസിഡന്റ് ഡി.ബി.ബിനു, അംഗങ്ങളായ വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവരാണ് ഹർജി പരിഗണിച്ചത്. ഗുണനിലവാരമില്ലാത്ത റീടാറിംഗാണ് അപകടമുണ്ടായതെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. എന്നാൽ, ടാറിംഗിന്റെ ഗുണനിലവാരം പൊതുമരാമത്ത് വകുപ്പ് അധികൃതർ പരിശോധിച്ച് ഉറപ്പാക്കി സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് കരാറുകാരൻ വാദിച്ചു.

റോഡിൽ കുഴികൾ രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട കരാറുകാരൻ ഇവ അടച്ചിരുന്നെന്നും നിലവിൽ സുരക്ഷാഭീഷണിയില്ലെന്നും റോഡ് സുരക്ഷാകമ്മിഷണറും പൊതുമരാമത്ത് അധികൃതരും വിശദീകരിച്ചു.

പൊതുനിരത്തുകൾ ഉപയോഗിക്കുന്നതിനാണ് റോഡ് സെസ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഈ തുക റോഡ് നിർമ്മാണത്തിനും പരിപാലനത്തിനുമാണ് ഉപയോഗിക്കുന്നതെന്നും ഉപഭോക്തൃ കോടതി വിലയിരുത്തി. അതിനാൽ നഷ്ടപരിഹാരം തേടാൻ ഹർജിക്കാരിക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹർജി മാർച്ച് 22ലേക്ക് മാറ്റി.