pic
എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നും ഫോർട്ട് കൊച്ചിക്ക് പൊക്കാൻ ബോട്ടിനായി കാത്തുനിൽക്കുന്നവർ

കൊച്ചി: പുതുവത്സരത്തിൽ റെക്കാഡ് വരുമാനവുമായി ജലഗതാഗത വകുപ്പ്. ഫോർട്ട്കൊച്ചിയിലേക്ക് നടത്തിയ ട്രിപ്പുകളിൽ നിന്ന് 1.50 ലക്ഷം രൂപയിലധികം രൂപയാണ് ലഭിച്ചത്. രാവിലെ ഒമ്പത് മുതൽ സ്പെഷ്യൽ ട്രിപ്പുകളും നടത്തി. രാത്രി ഏഴിന് അവസാനിച്ച ട്രിപ്പ് 12.30 ഓടെ വീണ്ടും ആരംഭിച്ചു. ഇന്നലെ പുലർച്ച 2.45നാണ് അവസാനിച്ചത്. അർദ്ധരാത്രിക്ക് ശേഷം 24 ട്രിപ്പുകളാണ് നടത്തിയത്.

വൈപ്പിനിലേക്ക് യാത്രക്കാർ കുറവായതിനാൽ ബോട്ടുകൾ ഫോർട്ട്കൊച്ചി വഴിയാണ് ട്രിപ്പ് നടത്തിയത്. 10 മിനിറ്റ് ഇടവേളകളിലായി ട്രിപ്പ് നടത്തിയിട്ടും വലിയ തിരക്കാണ് ബോട്ടു ജെട്ടിയിൽ അനുഭവപ്പെട്ടത്. അനിയന്ത്രിതമായ തിരക്കുമൂലം പാണാവള്ളി സ്റ്റേഷനിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ എത്തിച്ചു. ടിക്കറ്റ് കൗണ്ടറിൽ ആളുകൾ തടിച്ച് കൂടിയതോടെ 100 പേരെ വീതം ബോട്ടിൽ കയറ്റി ബോട്ടിൽ ടിക്കറ്റ് നൽകിയാണ് സർവീസ് നടത്തിയത്. രാവിലെ 4.30നാണ് സർവീസുകൾ ആരംഭിച്ചത്. 9 നുശേഷമാണ് യാത്രക്കാർ കൂടുതലായി എത്തിത്തുടങ്ങിയത്.

ടിക്കറ്റ് കൗണ്ടർ തകർന്നു

ഫോർട്ട്കൊച്ചിക്കുള്ള യാത്രക്കാരുടെ തിക്കിലും തിരക്കിലും ബോട്ട്ജെട്ടിയിലെ ടിക്കറ്റ് കൗണ്ടറുകൾക്കടക്കം കേടുപാടുകൾ സംഭവിച്ചു. ഒരാൾക്ക് മാത്രം കടന്നുപോകാവുന്ന കൗണ്ടറിൽ 30ഓളം പേരാണ് ഇരച്ചുകയറിയത്. ഇതോടെ ബാരിക്കേഡുകൾ തകർന്നു. പ്രവേശനകാവടത്തിലെ ഗ്ലാസുകളും തകർന്നു. ആളുകളെ കയർ കെട്ടിയാണ് ഉദ്യോഗസ്ഥർ നിയന്ത്രിച്ചത്. സ്ത്രീകളുടെ ടിക്കറ്റ് കൗണ്ടറിലേക്ക് പുരുഷന്മാർ ഇടിച്ചുകയറി​. മൊബൈൽ ഫോണുകൾ മോഷണം പോയി. ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാവുന്നതിലും അധികം ആളുകൾ എത്തിത്തുടങ്ങിയതോടെ ജലഗതാഗത വകുപ്പ് ഡയറക്ടർ ജില്ലാ കളക്ടറെയും പൊലീസ് മേധാവിയെയും വിളിച്ചറിയിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് യാത്രക്കാരെ നിയന്ത്രിച്ചത്. ജില്ലയ്ക്ക് പുറത്തുള്ളവരായിരുന്നു കൂടുതൽ യാത്രക്കാരും.

വരുമാനം

പുതുവത്സരദിനത്തിലെ വരുമാനം- 1.72 ലക്ഷം രൂപ

സാധാരണ ദിവസങ്ങളിലെ വരുമാനം- 60000- 75000 വരെ

ബോട്ട് സർവീസ്

ആകെ നടത്തിയ ട്രിപ്പ്- 140

സ്പെഷ്യൽ ട്രിപ്പ്- 24

സ്പെഷ്യൽ ട്രിപ്പ് നിരക്ക്- 20 രൂപ

സാധാരണ നിരക്ക്- ആറുരൂപ