കാലടി: തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ പ്രത്യേകതയായ ബ്രാഹ്മണിപ്പാട്ടു വഴിപാടിന് നിരവധി ഭക്തരെത്തുന്നു. നാലമ്പലത്തിന് അകത്തെ പാട്ടുപുരയിലാണ് ബ്രാഹ്മണി പാട്ട് വഴിപാട് നടത്തുന്നത്.

ശിവ- പാർവതി പരിണയ കഥകളും ദേവീ സ്തുതിഗീതങ്ങളുമാണ് ബ്രാഹ്മണി പാട്ടിലൂടെ ചൊല്ലുന്നത്. നടതുറക്കുന്നതിനും അടയ്ക്കുന്നതും ബ്രാഹ്മണി അമ്മയുടെ മേൽനോട്ടത്തിലാണ്. നടതുറപ്പിനു ശേഷം രാത്രി ദേവിയെ പാട്ടുപുരയിലേക്ക് ആനയിക്കുന്ന ചടങ്ങിലും ബ്രാഹ്മണി അമ്മയാണ് അകമ്പടി സേവിക്കുന്നത്. അല്ലിമംഗലത്ത് പുഷ്പകത്തിലെ തങ്കമണി ടീച്ചറാണ് നിലവിലെ മുതിർന്ന ബ്രാഹ്മണി അമ്മ. ഓൺലൈനായും ബ്രാഹ്മണിപാട്ട് നടത്താവുന്നതാണ്. ക്ഷേത്രത്തിന്റെ ഈ വർഷത്തെ വിശേഷദിവസങ്ങളുടെ കലണ്ടർ ബദരിനാഥ് ക്ഷേത്രം മുഖ്യപുരോഹിതൻ ഈശ്വരപ്രസാദ് നമ്പൂതിരിയും ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂണും ചേർന്ന് പ്രകാശനം ചെയ്തു.