പറവൂർ: പറവൂർ നഗരത്തിലെ മുനിസിപ്പൽ കവലയ്ക്ക് സമീപത്തെ മജ്‌ലിസ് ഹോട്ടലിലെ അനധികൃത നിർമ്മാണം പരിശോധിക്കാൻ എത്തിയ നഗരസഭാ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതായി പരാതി. ഹോട്ടൽ ഉടമ തർക്കിക്കുകയും തങ്ങളുടെ നേരെ ഗ്യാസ് സിലിണ്ടർ എറിയുകയും ചെയ്തെന്ന് സെക്രട്ടറി പറഞ്ഞു.
അനധികൃതമായി നിർമ്മിച്ച ഹോട്ടലിന്റെ പ്രാധാന അടുക്കളയും റോഡിനോട് ചേർന്നുള്ള കിയോസ്കും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസംമുമ്പ് ഉടമയ്ക്ക് സെക്രട്ടറി നോട്ടീസ് നൽകിയെങ്കിലും നീക്കിയില്ല. തുടർന്നാണ് അനധികൃത നിർമ്മാണം പൊളിച്ചുമാറ്രാനുള്ള നടപടി നഗരസഭ വേഗത്തിലാക്കിയത്. ഇതിന്റെ ഭാഗമായി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹോട്ടലിലെത്തിയപ്പോഴാണ് ഉടമയുടെ നേതൃത്വത്തിൽ ഭീഷണി മുഴക്കിയത്. പൊലീസും നഗരസഭാ വൈസ് ചെയർമാൻ എം.ജെ.രാജുവും സ്ഥലത്തെത്തിയാണ് പ്രശ്‌നം താത്കാലികമായി പരിഹരിച്ചത്. കഴിഞ്ഞയാഴ്ച ഈ വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ച രണ്ട് കൗൺസിലർമാരെ നഗരസഭ ഓഫീസിലെത്തി ഹോട്ടൽ ഉടമ ഭീഷണിപ്പെടുത്തിയിരുന്നു. ഹോട്ടൽ ഉടമയുടെയും കൂട്ടാളികളുടെയും നിരന്തര ഭീഷണി ഉണ്ടാകുന്നതിനാൽ വിഷയത്തിൽ തുടർന്ന നടപടിയും നഗരസഭ ഓഫീസിന് പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.