കൊച്ചി: തൃശൂർ വടക്കുന്നാഥക്ഷേത്ര പരിസരത്ത് ചെരിപ്പു ധരിച്ചു പ്രവേശിക്കാൻ ആരെയും അനുവദിക്കരുതെന്ന് ഹൈക്കോടതി. വടക്കുന്നാഥക്ഷേത്രത്തിലെ നിത്യാരാധനയും ചടങ്ങുകളും ഉത്സവങ്ങളും ആചാരപ്രകാരമാണ് നടക്കുന്നതെന്ന് കൊച്ചിൻ ദേവസ്വംബോർഡ് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
വടക്കുന്നാഥക്ഷേത്രത്തിൽ കഴിഞ്ഞ തവണത്തെ പൂരത്തിനുണ്ടായ ചില അനിഷ്ടസംഭവങ്ങൾ ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി നാരായണൻകുട്ടി നൽകിയ ഹർജിയും ഇതു സംബന്ധിച്ച് ദേവസ്വം ഓംബുഡ്‌സ്മാൻ നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കി സ്വമേധയാ എടുത്ത ഹർജിയും പരിഗണിച്ചാണ് ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. വടക്കുന്നാഥക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർ ക്ഷേത്രാചാരങ്ങൾക്കനുസരിച്ച് പെരുമാറണം. ഇക്കാര്യം ദേവസ്വംബോർഡ് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
തകർന്ന നിലയിലുള്ള തെക്കേഗോപുരത്തിന് മുകളിൽ ദേവസ്വം ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് കഴിഞ്ഞതവണ പൂരത്തിന് പ്രവേശനം നൽകിയെന്നും പൂരത്തോടനുബന്ധിച്ച് മാംസഭക്ഷണം വിളമ്പിയെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ദേവസ്വംബോർഡ് നിഷേധിച്ചു.
തെക്കേഗോപുരം നവീകരിച്ചെന്നും പൂരത്തിന് കുടമാറ്റത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വംബോർഡ് വിശദീകരിച്ചു. മാംസാഹാരം വിതരണം ചെയ്തിട്ടില്ലെന്നും ഇത്തരത്തിൽ ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമായ നടപടിയുണ്ടായാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന് തേക്കിൻകാട് മൈതാനത്തിന്റെ സംരക്ഷണമടക്കമുള്ള കാര്യങ്ങളിൽ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. തേക്കിൻകാട് മൈതാനം പ്ളാസ്റ്റിക് വിമുക്ത മേഖലയാക്കണമെന്നും ഇവിടെ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും നിർദ്ദേശിച്ചു. തേക്കിൻകാട് മൈതാനത്ത് പരസ്യബോർഡുകൾ പാടില്ലെന്നും മൈതാനം സംരക്ഷിക്കണമെന്നുമുള്ള മുൻ ഉത്തരവുകൾ പാലിക്കാനും ഡിവിഷൻബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.