nava
തൃക്കാക്കര, പിറവം നവകേരള സദസിൽ വൻ ജനാവലി

കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കര, പിറവം മണ്ഡലങ്ങളിലായി നടന്ന നവകേരള സദസിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. പുതുവത്സര ദിനത്തിൽ സ്ത്രീകൾ, കുട്ടികൾ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ ഇരു സദസുകളും ആരംഭിക്കുന്നതിനും വളരെ നേരത്തെ തന്നെ സദസിൽ ഇരുപ്പുറപ്പിച്ചിരുന്നു.

നൃത്തവും ഫ്യൂഷൻ സംഗീതവും പഞ്ചവാദ്യവും മുത്തുക്കുടകളും ഒക്കെയായാണ് മന്ത്രിസഭയെ മണ്ഡലങ്ങൾ സ്വീകരിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട മന്ത്രിമാരെ കാണാൻ അനേകം പേരാണ് വേദികൾക്ക് പുറത്ത് തടിച്ചു കൂടിയത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗം കാണാൻ ലൈവ് സ്‌ക്രീനും സംഘാടകർ ഒരുക്കിയിരുന്നു.മൂന്ന് മണിക്കൂർ മുൻപ് രണ്ടിടങ്ങളിലും തുടങ്ങിയ നിവേദനങ്ങൾ സ്വീകരിക്കൽ സദസ് നടക്കുമ്പോഴും തുടർന്നു. ഭിന്നശേഷിക്കാർ, മുതിർന്നവർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. അവസാന ആളുടെ പരാതിയും സ്വീകരിച്ചതിന് ശേഷമാണ് കൗണ്ടറുകൾ അവസാനിപ്പിച്ചത്.

നവകേരള സദസിനെത്തിയ ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്നു. സഹായങ്ങൾക്കായി സന്നദ്ധ സേനാംഗങ്ങളും വൈദ്യസഹായത്തിനായി മെഡിക്കൽ ടീമും പ്രവർത്തിച്ചു. പൊലീസ്, ഫയർഫോഴ്സ് സേനകൾ സുരക്ഷയൊരുക്കി. ഹരിത കർമ്മസേന, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവർത്തകരും വിവിധ വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്തു.
സദസുകൾ അവസാനിച്ചതിനു പിന്നാലെ ഹരിത കർമ്മ സേനാംഗങ്ങൾ സദസിന്റെ വേദികൾ പൂർണമായും വൃത്തിയാക്കി.