pinarayi
സമസ്ത മേഖലയിലും പുരോഗതി കൈവരിക്കാനായി: മുഖ്യമന്ത്രി

കൊച്ചി; സമസ്ത മേഖലയിലും പുരോഗതി കൈവരിക്കാൻ ഏഴര വർഷത്തിനിടെ സംസ്ഥാനത്തിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃക്കാക്കര മണ്ഡലംതല നവ കേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016നു മുൻപ് അന്നത്തെ സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം സർവ മേഖലയിലും പിന്നിലായിരുന്ന സംസ്ഥാനം അതിനുശേഷം വലിയ വികസനത്തിന് സാക്ഷ്യം വഹിച്ചു. 2023ൽ എത്തി നിൽക്കുമ്പോൾ ആഭ്യന്തര വളർച്ചാ നിരക്ക് 8 ശതമാനമായി വർദ്ധിപ്പിക്കാൻ സാധിച്ചു. ആഭ്യന്തര വളർച്ച നിരക്ക് വർദ്ധിപ്പിച്ച സംസ്ഥാനങ്ങളെ പരിശോധിക്കുമ്പോൾ കേരളം ഒട്ടും പിന്നിലല്ല. 26 ശതമാനമായിരുന്ന തനത് വരുമാനം 41 ശതമാനമായി വർദ്ധിപ്പിച്ചു. 2016ൽ നിന്ന് 2023ൽ എത്തിയപ്പോൾ പ്രതിശീർഷ വരുമാനം 80,000 കോടി രൂപയാണ് വർദ്ധിപ്പിച്ചത്. നികുതി വരുമാനത്തിൽ 23,000കോടി രൂപയുടെ വർദ്ധന ഉണ്ടായി.

വി​ല്ലൻ കേന്ദ്രഇടപെടലുകൾ

ഇത്രയധികം പുരോഗതിയോടെ മുന്നോട്ടുപോകുന്ന സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളാണ്. ആകെ ചെലവിൽ 71 ശതമാനം സംസ്ഥാനം വഹിക്കുന്ന സ്ഥിതിയാണ്. കേന്ദ്ര വിഹിതം 29 ശതമാനമായി വെട്ടിക്കുറച്ചു. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതികൾ സംസ്ഥാനം പൂർത്തിയാക്കും എന്നാൽ പൂർത്തിയായതിനു ശേഷം കേന്ദ്രം വിഹിതം നൽകുക എന്ന വ്യവസ്ഥ ഇന്ന് പാലിക്കുന്നില്ല. ഇതിന് പുറമെയാണ് സംസ്ഥാനത്തിന് കടം വാങ്ങാനുള്ള അവകാശം വെട്ടിക്കുറച്ചത്. കടം വാങ്ങാനുള്ള അവകാശം ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കുണ്ട്. കടമെടുക്കുന്നതിന്റെ പരിധി വെട്ടിക്കുറക്കുന്ന കേന്ദ്രത്തിന്റെ ഭരണഘടന വിരുദ്ധ നിലപാടിനെയാണ് കേരളം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നത്. കേന്ദ്രത്തിന്റെ വികസനവിരുദ്ധ നിലപാടുകൾക്കെതിരെ സർക്കാരിനോട് ചേർന്ന് നിൽക്കേണ്ട പ്രതിപക്ഷം പ്രതിഷേമുയർത്തുന്നില്ല. സംസ്ഥാനത്തിന്റെ പ്രശ്നത്തിൽ പ്രതിപക്ഷം വേണ്ട പിന്തുന്ന നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.