
തൃപ്പൂണിത്തുറ: ഇന്നലെ നിര്യാതനായ മേളവാദ്യ കലാകാരൻ തെക്കുംഭാഗം പനയ്ക്കൽ പി.കെ. സജീവൻ (തൃപ്പൂണിത്തുറ സജീവൻ - 63) ജീവിതം മേളകലയ്ക്കായി മാറ്റിവച്ച കലാകാരനായിരുന്നു. ചെണ്ട, മദ്ദളം, ഇടയ്ക്ക, ബാൻഡ് തുടങ്ങി വാദ്യസംഗീതത്തിലെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച സജീവൻ നിരവധി ഉത്സവങ്ങളിലും പൊതുപരിപാടികളിലും സംഗീതനാടക അക്കാദമിയുടെ മേളപരിപാടികളിലും സജീവസാന്നിദ്ധ്യമായിരുന്നു.
സദനം ദിവാകരമാരാർ, കലാമണ്ഡലം ശശികുമാർ ആശാൻ എന്നിവരുടെ കീഴിൽ അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലം കേശവപ്പൊതുവാൾ, അപ്പുക്കുട്ടി പൊതുവാൾ, കലാമണ്ഡലം രാധാകൃഷ്ണൻ, കേശവൻ, ശങ്കരവാര്യർ, ഇടയ്ക്ക വിദ്വാൻ തൃപ്പൂണിത്തുറ കൃഷ്ണദാസ് തുടങ്ങി നിരവധി പ്രമുഖരുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലധികം ശിഷ്യന്മാരുണ്ട്.
തൃപ്പൂണിത്തുറ മഹാത്മാ ഗ്രന്ഥശാലയുടെ ആദരവ്, ദേശാഭിമാനി പ്രതിഭാസംഗമം പ്രശസ്തിപത്രം, അംബേദ്കർ ഇന്ത്യ സോഷ്യൽ വർക്ക് ചാരിറ്റബിൾ സൊസൈറ്റി പുരസ്കാരം,
മേളകുലപതി പുരസ്കാരം, ന്യൂഡൽഹി ശാന്തിഗിരി ആശ്രമപുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
അത്തച്ചമയ ഘോഷയാത്രയിൽ തുടർച്ചയായി 40 വർഷത്തിൽ അധികമായി പഞ്ചവാദ്യം അവതരിപ്പിക്കുന്ന കലാകാരനെന്ന നിലയിൽ തൃപ്പൂണിത്തുറ നഗരസഭയുടെ
ആദരവ് കഴിഞ്ഞവർഷം ലഭിച്ചു.