congress

കൊച്ചി: നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവ‌ർത്തകരെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ സംഘർഷം. പിടിയിലായവർക്ക് പൊലീസ് ജാമ്യം നൽകിയിരുന്നില്ല. ഇതേത്തുടർന്ന് ഇന്നലെ രാത്രി പത്തോടെയാണ് പ്രതിഷേധം തുടങ്ങിയത്. രാത്രി വൈകിയും ഉപരോധം തുടർന്നു. ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്.

ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരടക്കമുള്ള നേതാക്കൾ സ്റ്റേഷനിലേക്ക് തള്ളിക്കയറി. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് റോഡ് ഉപരോധിച്ചു. ജനപ്രതിനിധികൾ അടക്കമുള്ളവർ സമരം നടത്തുന്നതിനിടെ, പിരിഞ്ഞു പോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
സമാധാനപരമായി കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടയ്ക്കാനുള്ള നീക്കം അനുവദിക്കില്ലന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. സി.പി.എം നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചതെന്നും ഷിയാസ് ആരോപിച്ചു. ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, സക്കീർ തമ്മനം, ജോസഫ് അലക്‌സ്, അബ്ദുൾ ലത്തീഫ് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.