പിറവം: ജീവനോപാധിയായ പെട്ടിക്കട കത്തിനശിച്ച് വരുമാനം നിലച്ച നാട്ടുകാരന് സഹായഹസ്തവുമായി വാട്സാപ്പ് കൂട്ടായ്മ.ഊരമന കൊടികുത്തി മലയിൽ താണിക്കുഴി ജോർജിനാണ് എന്റെ ഊരമന എന്ന വാട്സാപ്പ് കൂട്ടായ്മ തുണയായത്.

രാമമംഗലം പഞ്ചായത്തിലെ ഊരമന ശിവലിയിൽ 15 വർഷമായി പെട്ടിക്കട നടത്തുകയായിരുന്നു ജോർജ്. എന്നാൽ കഴിഞ്ഞമാസമുണ്ടായ അപകടത്തിൽ ജോർജിന്റെ പെട്ടിക്കട കത്തിനശിച്ചു. അഗ്നിബാധയിൽ ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പെടെ പൊട്ടിത്തെറിച്ചെങ്കിലും വൈകിട്ട് കച്ചവടം കഴിഞ്ഞ് ജോർജ് പോയതിനാൽ വലിയ അപകടം ഒഴിവായി. പെട്ടിക്കട നശിച്ചതിനെ തുടർന്ന് ജീവിതമാർഗം കാണാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു ഭാര്യ മേരിയും മകൾ ഷിജിയും അടങ്ങുന്ന ജോർജിന്റെ കുടുംബം.

ജോർജിന്റെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട വാട്സാപ്പ് കൂട്ടായ്മയിലെ സ്വദേശത്തും വിദേശത്തുമുള്ള അംഗങ്ങൾ ഒത്തു ചേർന്ന് ആഴ്ചകൾക്കുള്ളിൽ 50,000 രൂപ സ്വരൂപിച്ചു. കത്തിപ്പോയതിന് പകരം പുതിയൊരു കടയും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനുള്ള തുകയും അംഗങ്ങൾ ജോർജിന് കൈമാറി. പുതുവത്സരദിനത്തിൽ കടയുടെ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മേരി എൽദോ ഉദ്ഘാടനം നിർവഹിച്ചു. വാട്സാപ്പ് കൂട്ടായ്മ പ്രവർത്തകരായ എസ്. ഉണ്ണിക്കൃഷ്ണൻ, അനിബൻ കുര്യാക്കോസ്, പി.ആർ. സജയൻ, പോൾ പി. കുര്യാക്കോസ്, ഫേമസ് വർഗീസ്, കൃഷ്ണകുമാർ, മനോജ്‌കുമാർ, ബിജു ചെറിയാൻ എന്നിവർ നേതൃത്വം നൽകി.