കൊച്ചി: കൊച്ചു പൂന്തോട്ടമുണ്ടാക്കണം, പറമ്പ് നിറയെ മാവും പ്ലാവും പേരയുമെല്ലാം നടണം. മട്ടുപ്പാവിൽ പച്ചക്കറികൃഷിയും!. ഇങ്ങനെ ഒരു മോഹമുള്ളവർ നേരെ എറണാകുളം മറൈൻ ഡ്രൈവിലേക്ക് വച്ചുപിടിച്ചാൽ മതി. കൊച്ചിൻ ഫ്ലവർ ഷോയ്ക്കായി എത്തിച്ച ചെടികൾ, വിദേശയിനം തൈകൾ, പച്ചക്കറി വിത്ത് തുടങ്ങിയവ മിതമായ നിരക്കിൽ ഇന്നുകൂടി വാങ്ങാം.
ജപ്പാൻ പേര, വിവിധയിനം പ്ലാവുകൾ, അൽഫോൺസ മാവ് , നാടൻ തെങ്ങിൻതൈ തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെ. മാവിൻ തൈകളും ഓർക്കിഡുമാണ് കൂടുതൽപേരും വാങ്ങുന്നതെന്ന് മേളയിലെ ജീവനക്കാരൻ പറഞ്ഞു.
കേരളത്തിൽ ആദ്യമായി 50,000 ചതുരശ്ര അടിയിൽ ഒരുക്കിയ 40ാമത് ഫ്‌ളവർ ഷോ പുതുവത്സരദിനത്തിലാണ് സമാപിച്ചത്. 38,000 ചതുരശ്ര അടിയിൽ ഒരുക്കിയ പൂച്ചെടികളുടെ പ്രദർശനത്തിൽ 5,000 ഓർക്കിഡുകൾ ഉണ്ടായിരുന്നു.