
കൊച്ചി: നഴ്‌സിംഗ് പഠനത്തിന് സീറ്റുകൾ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗൺ ഹാളിൽ എറണാകുളം ഗവ. നഴ്‌സിംഗ് സ്‌കൂൾ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈവർഷം സർക്കാർ മേഖലയിലെ 400 സീറ്റ് ഉൾപ്പെടെ ബി.എസ്‌സി നഴ്‌സിംഗിന് 1020 സീറ്റുകൾ അനുവദിച്ചു. ഇതോടെ മെരിറ്റ് സീറ്റുകളുടെ എണ്ണം 5,627 ആയി. സർക്കാർ മേഖലയിൽ ജനറൽ നഴ്‌സിംഗിന് 100 സീറ്റുകൾ വർദ്ധിപ്പിച്ചു - ആകെ 557 സീറ്റ്. തിരുവനന്തപുരത്തും ആലപ്പുഴയിലും എം.എസ്‌സി മെന്റൽ ഹെൽത്ത് നഴ്‌സിംഗിന് അനുമതി നല്കി. 16 പേർക്കാണ് പ്രവേശനം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് നഴ്‌സിംഗിൽ സംവരണം അനുവദിച്ചു.
പഠനംപൂർത്തിയാക്കി വിദേശത്തേക്കു പോകുന്നവർക്കായി ഭാഷാപരിശീലന കോഴ്‌സുകളും ആരംഭിക്കും. മലയാളി നഴ്‌സുമാരുടെ മികവും പെരുമാറ്റവും ത്യാഗസന്നദ്ധതയും ലോകപ്രശസ്തമായതിനാൽ അവസരങ്ങൾ കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ.എം. അനിൽകുമാർ, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി, ആരോഗ്യ വകുപ്പ് മേധാവി ഡോ.കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന, ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ, ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് എ.ഡി.എൻ.എസ് ബി.ബീന, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ പ്രസിഡന്റ് പി. ഉഷാദേവി, കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്‌റഫ്, കൗൺസിലർ പത്മജ എസ്. മേനോൻ, ഡോ. സി. രോഹിണി, ഗവ. നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ പി.സി. ഗീത, പി.ടി.എ പ്രസിഡന്റ് വി.കെ.അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.