congress

കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മോചിപ്പിക്കാൻ പാലാരിവട്ടം സ്റ്റേഷൻ ഉപരോധിച്ചതിന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത് എന്നിവരെ പ്രതികളാക്കി കലാപശ്രമത്തിനുൾപ്പെടെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 75 പേരും പ്രതികളാണ്.

നഗരസഭാ കൗൺസിലർമാരായ ദീപ്തിമേരി വർഗീസ്, വി.കെ. മിനിമോൾ, സക്കീർ തമ്മനം, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി, തമ്പി സുബ്രഹ്മണ്യം തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.

അറസ്റ്റു ചെയ്തവരെ മോചിപ്പിക്കാൻ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ തടിച്ചുകൂടി ഭീഷണി മുഴക്കിയെന്നും, റോഡും വാഹനങ്ങളും തടഞ്ഞ് കുത്തിയിരുന്ന് പൊതുഗതാഗതത്തിന് തടസം വരുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. നിയമവിരുദ്ധമായ സംഘം ചേരൽ, കലാപശ്രമം, പൊതുഗതാഗതം തടസപ്പെടുത്തൽ എന്നിവയാണ് കുറ്റമായി ചേർത്തിരിക്കുന്നത്.

ഉപരോധം പുലർച്ചെ 2.10 വരെ

തൃക്കാക്കരയിലെ നവകേരളസദസിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാട്ടിയതിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷൻ ജാമ്യത്തിന് നഗരസഭാ കൗൺസിലർ സക്കീർ തമ്മനവും പൊലീസും ധാരണയിലെത്തിയെങ്കിലും വിടാൻ തയ്യാറായില്ല. മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ വൈകിട്ട് ഏഴോടെ സ്റ്റേഷൻ ഉപരോധിക്കൽ ആരംഭിച്ചു. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചേർത്തതോടെ പ്രവർത്തകരെ വിട്ടുതരില്ലെന്ന് പൊലീസും അറിയിച്ചു. ഇതോടെ പാലാരിവട്ടം ജംഗ്ഷൻ സമരക്കാർ ഉപരോധിച്ചു.

നേതാക്കൾ നടത്തിയ ചർച്ചയിൽ പ്രവർത്തകരെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാൻ രാത്രി 12.20ഓടെ ധാരണയിലെത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കി 1.30 ഓടെ കടവന്ത്രയിലെ വസതിയിൽ ഹാജരാക്കിയ പ്രവർത്തകർക്ക് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. 2.10 ന് പ്രവർത്തകർ സ്റ്റേഷന് മുന്നിലെത്തിയതോടെയാണ് ഉപരോധം അവസാനിച്ചത്.