കൊച്ചി: മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിലടക്കം ഇതര സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. എറണാകുളം ഗവ. നഴ്‌സിംഗ് സ്‌കൂൾ ശതാബ്ദിയാഘോഷത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യരംഗത്ത് കാലോചിത പരിഷ്‌കാരം നടത്തി വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ ഏഴരവർഷംകൊണ്ട് കഴിഞ്ഞു. രാജ്യത്തെ ആരോഗ്യ മേഖലയിൽ ചരിത്രം സൃഷ്ടിച്ചു മുന്നേറുകയാണ് എറണാകുളം ഗവ. നഴ്‌സിംഗ് സ്‌കൂളും ജില്ലാ ആശുപത്രിയും. രാജ്യത്ത് ആദ്യമായി ജില്ലാതലത്തിൽ അവയവമാറ്റ ശസ്ത്രക്രിയ, ഓപ്പൺ ഹാർട്ട് സർജറി എന്നിവ നടത്തി. ഹൃദയ മാറ്റ ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.
കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ മെഡിക്കൽ സീറ്റുകൾ ഇരട്ടിയാക്കാൻ കഴിഞ്ഞെന്നും പറഞ്ഞു.