കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ ലക്ഷദ്വീപ് സന്ദർശനത്തിൽനിന്ന് കോൺഗ്രസിന്റെ ലക്ഷദ്വീപ് ഭാരവാഹികളും പോഷക സംഘടനകളും വിട്ടുനിൽക്കും. 2014ൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിൽ വന്നതോടെ ലക്ഷദ്വീപിലെ ആരോഗ്യ വിദ്യാഭ്യാസ ഗതാഗത മേഖലകളിലടക്കം മുമ്പുണ്ടായിരുന്ന നേട്ടങ്ങൾ ഇല്ലാതാവാൻ തുടങ്ങി. ബി.ജെ.പി അനുഭാവമുള്ള ഭരണാധികാരികളെ നിയമിക്കുകയും കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾ ദ്വീപിൽ നടപ്പിലാക്കാനും ശ്രമം ആരംഭിച്ചു.

ദ്വീപ് നിവാസികളുടെ ഭൂമിയും സ്വത്തും കൈയേറി, മൂവായിരത്തോളം ദ്വീപ് നിവാസികളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു, പഞ്ചായത്ത് സംവിധാനം തിരഞ്ഞെടുപ്പ് നടത്താതെ നിശ്ചലമാക്കി, എട്ട് കപ്പലുകളുണ്ടായിരുന്ന ദ്വീപിൽ രണ്ട് കപ്പലിലേക്ക് ചുരുങ്ങി, ഗവ. പ്രസുകളും സ്‌കൂളുകളും കാരണങ്ങളില്ലാതെ അടച്ചുപൂട്ടി. നിരവധി പരിഷ്കാരങ്ങൾ ജനങ്ങളുടെ അഭിപ്രായം അറിയാതെ നടപ്പിലാക്കി. കേന്ദ്രസർക്കാരിന്റെ ഇത്തരം ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്കരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.