കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടതുറപ്പ് ഉത്സവവേളയിലെ അന്നദാനം ഭക്തർക്ക് അനുഗ്രഹമാകുന്നു. രാവിലെ 9ന് ആരംഭിക്കുന്ന അന്നദാനം വൈകിട്ട് വരെ തുടരും.
മുൻകാലങ്ങളിൽ നടതുറപ്പ് ഉത്സവകാലത്ത് താത്കാലികമായി നിർമ്മിച്ച പന്തലുകളിലായിരുന്നു അന്നദാനം നടത്തിയിരുന്നത്. കഴിഞ്ഞ വർഷം മുതൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ തീർത്ഥാടന ടൂറിസം പദ്ധതിക്ക് കീഴിൽ അന്നദാനമണ്ഡപം നിർമ്മിച്ചു. അഞ്ഞൂറോളം പേർക്ക് ഒരേസമയം ഭക്ഷണം വിളമ്പാനുള്ള സൗകര്യം ഇവിടെയുണ്ട്. അന്നദാന മണ്ഡപത്തിലെ അടുക്കളയിൽ കൂറ്റൻ വാർപ്പുകളിൽ ഒരു ദിവസം പതിനയ്യായിരം പേർക്കുള്ള കഞ്ഞിയും പുഴുക്കുമാണ് തയാറാക്കുന്നത്. വിളമ്പാനും ശുചീകരണത്തിനും നൂറോളം വോളന്റിയർമാർ രംഗത്തുണ്ട്. ഈ വർഷം മുതൽ ഭക്തർക്ക് അന്നദാനത്തിനുള്ള ദ്രവ്യങ്ങൾ സമർപ്പിക്കാനുള്ള സൗകര്യം ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. കലവറ നിറയ്ക്കൽ എന്ന പേരിൽ ക്ഷേത്രത്തിലെ അലങ്കാര ഗോപുരനടയിലെ ഉരുളിയിലാണ് ദ്രവ്യങ്ങൾ സമർപ്പിക്കുന്നത്. അരി, പച്ചക്കറികൾ, പഴവർഗങ്ങൾ, ശർക്കര, തേങ്ങ എന്നിവയാണ് ഭക്തർ പ്രധാനമായും സമർപ്പിക്കുന്നത്. ദിവസവും വൈകിട്ട് ഇവിടെ നിന്ന് ദ്രവ്യങ്ങൾ അന്നദാന മണ്ഡപത്തിലേക്ക് മാറ്റും. മന്ത്രിയായി ചുമതലയേറ്റ രാമചന്ദ്രൻ കടന്നപ്പിള്ളി ഇന്നലെ ക്ഷേത്ര ദർശനം നടത്തി. ശ്രീമഹാദേവന്റെ നടയിൽ എള്ള് പറയും നിറച്ചാണ് അദ്ദേഹം മടങ്ങിയത്. ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, നടി സീമ ജി. നായർ എന്നിവർ ക്ഷേത്ര ദർശനം നടത്തിയതായി സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ പറഞ്ഞു.