
കൊച്ചി: വികാരപരവും സ്‌നേഹനിർഭരവുമായ കൂടിക്കാഴ്ചയ്ക്കാണ് പ്രൊഫ.എം.കെ. സാനുവിന്റെ വീട് ഇന്നലെ സാക്ഷ്യംവഹിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി എറണാകുളത്തെത്തിയ ബിനോയ് വിശ്വം എം.പി ആദ്യം ഓടിയെത്തിയത് ഗുരുനാഥൻ എം.കെ. സാനുവിന്റെ അടുത്തേക്കായിരുന്നു.
പ്രിയശിഷ്യനും കുടുംബസുഹൃത്തുമായ ബിനോയിയെ ചേർത്തുപിടിച്ച് മാഷ് വിശേഷങ്ങൾ ചോദിച്ചു.
നേതാവായല്ല ശിഷ്യനായാണ് മാഷിനെ കാണാനെത്തിയതെന്ന് പറഞ്ഞാണ് ബിനോയ് വിശ്വം തുടങ്ങിയത്. മനസ് ആ കാൽക്കൽ തൊടുന്നുണ്ടെന്ന് പറഞ്ഞപ്പോൾ കണ്ഠമിടറി. കണ്ണുകളിൽ നനവ് പടർന്നു. സാനുമാഷ് എല്ലാ നല്ല മൂല്യങ്ങളുടെയും പ്രതീകമാണ്. സാഹോദര്യത്തിന്റെയും മതേതര ജനാധിപത്യത്തിന്റെയുമെല്ലാം കാവൽക്കാരനാണ്'. 97-ാം വയസിലും മാഷിന്റെ മനസിന് യുവത്വമാണ്. പഴയ സംഭവങ്ങളും പേരുകളും ഓർത്തെടുക്കുന്ന മാഷ് തലമുറകൾക്ക് വഴികാട്ടിയാണ്. മാഷിന്റെയും തന്റെയും കുടുംബങ്ങൾ തമ്മിലും ദൃഢമായ ബന്ധമാണ്. മാഷ് എല്ലാ അർത്ഥത്തിലും ആരാധ്യനാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ ബിനോയ് വിശ്വം നന്നായി പോരാടുന്നുണ്ടെന്ന് എം.കെ. സാനു പറഞ്ഞു. അദ്ദേഹത്തിന് വലിയൊരു പാരമ്പര്യത്തിന്റെ കരുത്തുണ്ട്. പൈതൃകപുണ്യം ആത്മാവിലുള്ള വ്യക്തിയാണ് സി.പി.ഐയുടെ അമരത്തുള്ളതെന്നും എം.കെ. സാനു പറഞ്ഞു.
എം.കെ. സാനുവിന്റെ കുടുംബാംഗങ്ങളുമായും സംസാരിച്ച ബിനോയ് ഗുരുനാഥനെ ചേർത്തുപിടിച്ച് സ്‌നേഹചുംബനം നല്കിയാണ് മടങ്ങിയത്. മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രനും ഒപ്പമുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി സ്ഥാനമേറ്റപ്പോൾ മാഷിനെ കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു
ബിനോയ് വിശ്വം,
സി.പി.ഐ സംസ്ഥാന സെക്രട്ടറി