കൊച്ചി: ഭർത്താവിന്റെ ലൈംഗിക വൈകൃതം വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. എറണാകുളം കുടുംബക്കോടതി വിവാഹ മോചന ഹർജി തള്ളിയതിനെതിരെ യുവതി നല്കിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
2009 ആഗസ്റ്റ് 23നായിരുന്നു ഹർജിക്കാരിയുടെ വിവാഹം. 17 ദിവസം കഴിഞ്ഞ് ഭർത്താവ് ജോലിക്കായി വിദേശത്തേക്ക് പോയി. 2009 നവംബർ 29 വരെ ഭർതൃഗൃഹത്തിൽ താമസിച്ചെങ്കിലും അവിടെ നിന്ന് പുറത്താക്കി. ലൈംഗിക വൈകൃതമുള്ള ഭർത്താവ് പിന്നീടു തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
വിവാഹമോചനത്തിനു വേണ്ടിയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വിവാഹബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണെന്നുമായിരുന്നു ഭർത്താവിന്റെ വാദം. ഹർജിക്കാരിക്ക് ഭർത്താവ് 2013 മുതൽ ചെലവിനു നൽകുന്നുണ്ടെന്ന് വിലയിരുത്തിയ കുടുംബകോടതി വിവാഹ മോചന ഹർജി തള്ളുകയായിരുന്നു.
വിവാഹബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണെന്ന് 2017ൽ വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടി ഭർത്താവ് സ്വീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാരി കോടതിയെ സമീപിച്ചശേഷമാണ് ചെലവിനുള്ള തുക നൽകുന്നതെന്നും ചൂണ്ടിക്കാട്ടി. ഹർജിക്കാരിയെ ഉപേക്ഷിച്ചു എന്ന വാദം തെളിയിക്കാൻ മതിയായ തെളിവില്ലെന്ന ഭർത്താവിന്റെ വാദം അതേപടി അംഗീകരിച്ചാലും അയാളുടെ ലൈംഗിക വൈകൃതം വിവാഹമോചനത്തിനു മതിയായ കാരണമാണെന്നും ഹൈക്കോടതി പറഞ്ഞു.