ai

കൊച്ചി: നിർമ്മിത ബുദ്ധി(എ.ഐ) അധിഷ്ഠിതമായ സാങ്കേതികവിദ്യയിൽ രാജ്യത്തെ പ്രധാന കേന്ദ്രമായി കൊച്ചിയെ മാറ്റാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നു. ആദ്യ ഘട്ടമായി ഐ.ബി.എം സോഫ്‌റ്റ്‌വെയറിന്റെ സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മലുമായി വ്യവസായ മന്ത്രി പി. രാജീവും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും കൊച്ചിയിൽ ചർച്ച നടത്തി. ഇതിന്റെ ഭാഗമായി രാജ്യാന്തര എ.ഐ ഉച്ചകോടി കൊച്ചിയിൽ സംഘടിപ്പിക്കുമെന്ന് പി. രാജീവ് പറഞ്ഞു.

ഇതോടൊപ്പം ഐ.ബി.എമ്മിന്റെ എ.ഐ സാങ്കേതികവിദ്യ ഹബും കൊച്ചിയിൽ തുടങ്ങാൻ ധാരണയായി.
ഇതോടെ ആഗോളതലത്തിലെ വിദഗ്ധ പ്രൊഫഷണലുകൾ കൊച്ചിയിലെത്തും. ഐ.ബി.എമ്മിന്റെ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇൻഫോപാർക്കും സ്മാർട്ട് സിറ്റിയും വലിയ സാദ്ധ്യതകൾ

ഇൻഫോപാർക്കിന്റെ രണ്ടാം ഘട്ടവും സ്മാർട്ട് സിറ്റിയുമെല്ലാം ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യാൻ പ്രാപ്തമാണെന്നും പി.രാജീവ് പറഞ്ഞു. ജനറിക് എ.ഐ എന്നതിനപ്പുറം ജനറേറ്റീവ് എ.ഐ എന്ന ആശയമാണ് കൊച്ചി ഹബ് മുന്നോട്ടു വയ്ക്കുന്നത്. ബോയിംഗ് ഉൾപ്പെടെയുള്ള ആഗോള ഭീമന്മാർ ഐ.ബി.എമ്മിന്റെ എ.ഐ സേവനങ്ങളാണ് ഉപയോഗിക്കുന്നത്.


വ്യവസായ, ഐടി വകുപ്പുകളും സർവകലാശാലകളുടെയും സഹകരണത്തോടെയാണ് എ.ഐ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് സുമൻ ബില്ല പറഞ്ഞു. ഉച്ചകോടിയുടെ നടത്തിപ്പ് ചുമതല കെ.എസ്.ഐ.ഡി.സിക്കാണ്. സെമികണ്ടക്ടർ, ചിപ്പ് ഡിസൈൻ എന്നിവയ്ക്കുള്ള കേന്ദ്രം തുടങ്ങുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിന് സാംസങുമായി ചർച്ചകൾ നടത്താനും ധാരണയായി.