ആലുവ: ജില്ലയുടെ ഗ്രാമീണ മേഖലയായ കുട്ടമശേരി ചാലക്കൽ തുമ്പിച്ചാൽ ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആയിരക്കണക്കിനു പേരാണ് തുമ്പിച്ചാൽ നക്ഷത്രത്തടാകത്തോട് ചേർന്ന് പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.

2023ലാണ് ആദ്യമായി നാട്ടുകാർ തുമ്പിച്ചാൽ തടാകത്തിന് ചുറ്റും നൂറുകണക്കിന് നക്ഷത്രങ്ങൾ തൂക്കി തുമ്പിച്ചാൽ ഫെസ്റ്റ് ഒരുക്കിയത്. പരിപാടി വിജയമായതിന് പിന്നാലെ ഈ വർഷം മുതൽ പഞ്ചായത്ത് പണം മുടക്കി ഫെസ്റ്റ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. എന്നാൽ നാട്ടുകാർ പിൻമാറാൻ തയ്യാറായില്ല. സ്വന്തം നിലയിൽ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ആഘോഷമാണ് സംഘടിപ്പിച്ചത്. സമാപന ദിവസം ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും കുടുംബസമേതം നിരവധി പേരാണ് എത്തിയത്. പുതുവത്സരദിനത്തിൽ കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് വൈകിട്ട് ഏഴുമണി മുതൽ തുമ്പിച്ചാലിൽ എത്തിയത്.

ഗ്രാമീണ മേഖലയിൽ ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പുതുവത്സരാഘോഷം നടന്നിട്ടുണ്ടാവില്ല. അടുത്ത വർഷം കൂടുതൽ ആകർഷകമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിനാൽ തുമ്പിച്ചാൽ കൂട്ടം എന്ന പേരിൽ സംഘടനയും രൂപീകരിച്ചിട്ടുണ്ട്.
സമാപന സമ്മേളനം കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ആർ. രജീഷ്, സതീശൻ കുഴിക്കാട്ടുമാലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുമ്പിച്ചാൽ ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ സുഭാഷ് വെളിയത്ത്, തുമ്പിച്ചാൽ കൂട്ടം പ്രസിഡന്റ് കെ.എ. ജിജീഷ്, സെക്രട്ടറി ഫൈസൽ മാളിയേക്കൽ എന്നിവർ സംസാരിച്ചു.