വൈപ്പിൻ: എഴുത്ത് നിറുത്താൻ വർഷങ്ങൾക്കുമുമ്പ് താനെടുത്ത തീരുമാനം അനീതിക്കെതിരെയുള്ള തന്റെ പോരാട്ടത്തിന്റെ ഭാഗമായിരുന്നുവെന്ന് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ പറഞ്ഞു. ചെറായി സഹോദരൻ സ്മാരകത്തിൽ സ്മാരകകമ്മിറ്റി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്ത് നിറുത്താനുള്ള തീരുമാനത്തെ തുടർന്ന് തമിഴ്നാട്ടിലും കേരളത്തിലും തനിക്ക് വ്യാപകമായ പിന്തുണ ലഭിച്ചു. പിന്നീട് താൻ മൂന്ന് നോവലുകൾകൂടി രചിച്ചു. എങ്കിലും ഭീഷണിയുടെ സാഹചര്യം ഉള്ളതിനാൽ തമിഴ്നാട്ടിൽ ഒറ്റക്ക് സഞ്ചരിക്കാറില്ല. കേരളത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ജാതിവിവേചനം തമിഴ് നാട്ടിലുണ്ട്. സർക്കാർ തലത്തിൽ ജാതിവിവേചനം ഇപ്പോൾ കുറവാണ്. സഹോദര ഭവനത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ സ്മാരകകമ്മിറ്റി ചെയർമാൻ എസ്. ശർമ്മ അദ്ധ്യക്ഷത വഹിച്ചു.
പൂയപ്പിള്ളി തങ്കപ്പൻ, ഒ.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സംവാദത്തിൽ സിപ്പി പള്ളിപ്പുറം, ജോഷി ഡോൺ ബോസ്‌കോ, കെ.കെ. ജോഷി, ജോസഫ് പനക്കൽ, എ.പി. പ്രനിൽ, സി.പി. സുഗുണൻ, എൻ.എസ്. സൂരജ്, ടി.ആർ. വിനോയ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.