
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടിസ്ഥാനവർഗത്തെപ്പറ്റി എന്തെങ്കിലും പറയണമെന്നും യാഥാർത്ഥ്യങ്ങളെ വാചകക്കസർത്തിൽ ഒളിപ്പിച്ചിട്ട് കാര്യമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഒരു പ്രശ്നത്തിലും പ്രധാനമന്ത്രി ഇടപെടാറില്ല. സർക്കാർ കൂടെയുണ്ടെന്ന കള്ളം ആവർത്തിക്കുകയാണ്. പണമുണ്ടെങ്കിൽ എല്ലാ നെറികേടുകളേയും സത്യമാക്കാനാകുമെന്നാണ് കോർപ്പറേറ്റുകളുടെ ധാരണ. തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയമാണ് സത്യമെന്ന് കാലം തെളിയിച്ചതായും ബിനോയ് വിശ്വം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ കെ.എം. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ. പ്രകാശ് ബാബു , കൃഷി മന്ത്രി പി. പ്രസാദ് , കെ.പി. രാജേന്ദ്രൻ , ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, കൺവിനർ ടി.സി. സൻജിത് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു പതാകയുയർത്തി.
ഇന്ന് രാവിലെ 10 ന് പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ ഉദ്ഘാടനം ചെയ്യും. മൂന്നിന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 5 ന് രാവിലെ 9.30 ന് പാലസ്തീൻ ഐക്യ ദാർഢ്യ സമ്മേളനം സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.