കോലഞ്ചേരി: ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന മേഖലകളുടെ വളർച്ചയിലൂടെ എല്ലാ ജനവിഭാഗങ്ങൾക്കും ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
കുന്നത്തുനാട് മണ്ഡലം നവകേരളസദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം അതുല്യമായ സ്ഥാനം കൈവരിച്ചു. ദീർഘ വീക്ഷണത്തോടെയുള്ള ഇടപെടൽ മേഖലയിൽ പ്രതിഫലിക്കുന്നുണ്ട്. രാജ്യത്താദ്യമായി സർക്കാർ മേഖലയിൽ അവയവമാറ്റ ശസ്ത്രക്രിയ, ഓപ്പൺ ഹാർട്ട് സർജറി എന്നിവ നടത്തിയത് കേരളത്തിലാണ്. ആരോഗ്യ സൂചികകളിലും ഉയർന്ന നിലവാരം പുലർത്തുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്‌ലാബ് തുടങ്ങാൻ കഴിഞ്ഞതും അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
62 ലക്ഷം പേർക്ക് സാമൂഹ്യ പെൻഷൻ വിതരണം ചെയ്യുന്നു. ലൈഫ് മിഷനിലൂടെ ഭവനരഹിതരുടെ വീടെന്ന സ്വപ്നം പൂർത്തിയാക്കി. ക്രമസമാധാനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൂടുതലാണെന്നും മന്ത്രി പറഞ്ഞു.