തൃപ്പൂണിത്തുറ: പ്രതിസന്ധിഘട്ടങ്ങളിൽ കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാടിനെ ചോദ്യം ചെയ്യാതെ സംസ്ഥാന സർക്കാരിന്റെ കുറ്റങ്ങൾ കണ്ടെത്താനുള്ള ഗവേഷണത്തിലായിരുന്നു പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയകാവ് ക്ഷേത്ര മൈതാനത്ത് തൃപ്പൂണിത്തുറ മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്യവെയാണ് പ്രതിപക്ഷത്തെ വിമർശിച്ചത്. നവകേരളസദസിൽ രണ്ട് കാര്യങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഒന്ന് കേരളം ഇന്ന് എവിടെ എത്തി നിൽക്കുന്നുവെന്നും ഇനിയെന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങൾ. കേരളത്തിന്റെ വികസനപദ്ധതികളെ തുരങ്കംവയ്ക്കുന്ന കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുറന്നുകാണിക്കുന്നതായിരുന്നു രണ്ടാമത്തേത്. കേന്ദ്ര സർക്കാരിനും അവരെ പിന്തുണയ്ക്കുന്ന കക്ഷിക്കും ഇതിൽ പ്രയാസമുണ്ടാകും. കാരണം അവർ ചെയ്ത നീതികരിക്കാൻ കഴിയാത്ത കാര്യമാണ് ജനസമക്ഷം അവതരിപ്പിക്കുന്നത്. എന്നാൽ എന്താണ് കോൺഗ്രസിന്റെ മനസിൽ വിഷമമുണ്ടാകാൻ കാരണം? എന്താണ് നവകേരള സദസുമായി സഹകരിക്കാൻ പ്രയാസമുണ്ടാക്കിയത് ? ഇന്നേവരെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ പ്രതിപക്ഷം തയ്യാറായിട്ടില്ല. സ്വന്തം അണികളെ പോലും ബോദ്ധ്യപ്പെടുത്താൻ പ്രതിപക്ഷ നേതാവിനും കഴിഞ്ഞിട്ടില്ല. നവകേരള സദസിനെക്കുറിച്ച് പ്രതിപക്ഷം പറഞ്ഞുപരത്തുന്നത് ശുദ്ധ അസംബന്ധമാണ്. എൽ.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ പ്രതിസന്ധികളാണ് കേരളത്തെ കാത്തിരുന്നത്. പ്രളയത്തിൽ സംസ്ഥാനം പഴയനിലയിലേക്ക് ഉയരുമോയെന്ന് അയൽരാജ്യങ്ങൾ പോലും ആശങ്കപ്പെട്ടപ്പോൾ കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് പോലും പ്രഖ്യാപിച്ചില്ല. കേരളത്തിന് ലഭിക്കേണ്ട പലകാര്യങ്ങളും ഇപ്പോഴും കേന്ദ്രം തടയുന്നു. ഇതിനെ ഒന്നിനെയും ചോദ്യം ചെയ്യാൻ ഒരുഘട്ടത്തിലും കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എം. സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ലൈഫ് മിഷൻ പദ്ധതി വഴി സ്വന്തം വീടെന്ന സ്വപ്നം പൂർത്തീകരിച്ച മരട് നഗരസഭയിൽ താമസിക്കുന്ന ഒഡീഷ സ്വദേശി അഭിജിത് മണ്ഡലും കുടുംബവും മുഖ്യമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചു. സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാരം നേടിയ ഭിന്നശേഷിക്കാരിയായ ബിയങ്ക താൻ വരച്ച ഛായാചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.