പറവൂർ: പറവൂർ നഗരസഭയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി ജോ ഡേവിസ് കളക്ടർക്ക് കത്ത് നൽകി. ഡിസംബർ 27ന് നഗരസഭ ഓഫീസിലെത്തി രണ്ട് കൗൺസിലർമാരെയും ജനുവരി ഒന്നിന് ഹോട്ടലിലെ അനധികൃത നിർമ്മാണം പരിശോധിക്കാൻ ചെന്ന നഗരസഭാ സെക്രട്ടറിയെയും മറ്റ് ഉദ്യോഗസ്‌ഥരെയും നഗരത്തിലെ മജ്‌ലിസ് ഹോട്ടൽ ഉടമയും കൂട്ടാളികളും ചേർന്ന് ഭീഷണിപ്പെടുത്തിയത് ആശങ്കയുണ്ടാക്കുന്നതായി കത്തിൽ പറയുന്നു. നഗരസഭയുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഭക്ഷണം കഴിച്ച നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് 2023 ജനുവരിയിൽ മജ്‌ലിസ് ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. പിന്നീട് കഴിഞ്ഞ ജൂലായിലാണ് തുറന്ന് പ്രവർത്തിക്കാൻ നഗരസഭ അനുമതി നൽകിയത്. ഹോട്ടലിന് മുന്നിൽ സ്‌ഥാപിച്ച കിയോസ്ക്കും പിന്നിലുള്ള പ്രധാന അടുക്കളയും അനധികൃതമാണ്. ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ മറ്റൊരാളാണ്. അനധികൃത നിർമ്മാണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടു രണ്ടുമാസംമുമ്പ് കെട്ടിടംഉടമയ്ക്ക് സെക്രട്ടറി നോട്ടീസ് നൽകിയെങ്കിലും നീക്കിയില്ല. അധികൃത നിർമാണം പൊളിച്ചുനീക്കുന്നതിന് നഗരസഭ നടപടി സ്വീകരിച്ചു. ഇതിന് മുന്നോടിയായുള്ള പരിശോധനയുടെ ഭാഗമായി സെക്രട്ടറിയും ഉദ്യോഗസ്‌ഥരും ഹോട്ടലിൽ ചെന്നപ്പോൾ ഹോട്ടൽ ഉടമ ഭീഷണിപ്പെടുത്തിയെന്നും തങ്ങളുടെ നേരെ ഗ്യാസ് സിലിണ്ടർ എറിഞ്ഞെന്നും സെക്രട്ടറി പറഞ്ഞു. കളക്ടർക്ക് പുറമേ ആലുവ റൂറൽ എസ്.പി, എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് തുടങ്ങിയവർക്കും കത്ത് നൽകിയിട്ടുണ്ട്.