kothamangalam
ബിനീഷ്

കോതമംഗലം: നേര്യമംഗലം ജില്ലാ കൃഷിഫാമിലെ തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാജാക്കാട് മുനിയറ തിങ്കൾക്കാട് സ്വദേശി കുന്നിക്കാട്ടിൽ ബിനീഷിന്റെ (45) മൃതദേഹമാണ് കണ്ടെത്തിയത്. ഇ ബ്ലോക്കിൽ പെരിയാർ പുഴയിൽ നിന്നുള്ള തോട്ടിൽ ശരീരം വീർത്ത് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാവിലെ പത്തോടെ ഫാമിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഊന്നുകൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.

വിഭ്രാന്തിക്ക് ആശുപത്രിയിൽ ചികിത്സനൽകി ബിനീഷുമായി മൂന്നുദിവസംമുമ്പ് വൈകിട്ടാണ് ബന്ധുക്കൾ തിരികെ രാജാക്കാട്ടേയ്ക്ക് പുറപ്പെട്ടത്. നേര്യമംഗലം വില്ലാഞ്ചിറ ഇറക്കത്തിൽ ഇടുക്കി റോഡിന് സമീപത്ത് വച്ച് ബഹളമുണ്ടാക്കി വാഹനത്തിൽ നിന്നിറങ്ങിയ ബിനീഷ് ഫാമിനെ ലക്ഷ്യമാക്കി ഇരുളിൽ മറയുകയുമായിരുന്നു. ബന്ധുക്കൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഊന്നുകൽ പൊലീസിന് പരാതി നൽകിയിരുന്നു. സി.ഐ രതീഷ് ഗോപാലിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരവെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.