y

ചോറ്റാനിക്കര : അനിശ്ചിതമായി നീളുന്ന അപ്പ്രോച്ച് റോഡ് നവീകരണം മൂലം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മുളന്തുരുത്തി വട്ടക്കുന്ന് ചെങ്ങോല പാടം നിവാസികൾ . മണിക്കൂറുകളോളം വാഹനയാത്രികർ കുരുക്കിലാണ്. റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സർവീസ് റോഡ് വൺവേ സംവിധാനം ഏർപ്പെടുത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ല. ട്രാഫിക് വാർഡന്മാരെ നിയോഗിച്ച് ഗതാഗത നിയന്ത്രണം നടപ്പിലാക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. ഇതിന്റെ ഫലമായി മുളന്തുരുത്തിയിൽ നിന്ന് ചോറ്റാനിക്കരയിലേക്ക് പോകുന്ന വാഹനങ്ങളും ചോറ്റാനിക്കരയിൽ നിന്ന് മുളന്തുരുത്തിയിലേക്ക് പോകുന്ന വാഹനങ്ങളും സർവീസ് റോഡിൽ എത്തുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാവും.

ഗതാഗതക്കുരുക്ക് തുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. അപ്പ്രോച്ച് റോഡ് നവീകരണം എങ്ങുമെത്താതായപ്പോൾ വാഹനങ്ങൾ മണിക്കൂറുകളോളമാണ് സർവീസ് റോഡ് പിന്നിടാൻ കാത്തുകിടക്കുന്നത്. രാവിലെയും വൈകിട്ടും കുരുക്ക് രൂക്ഷമാണ്.

റെയിൽവേ മേൽപ്പാല വികസനത്തിന്റെ ഭാഗമായി മേൽപ്പാലം നവീകരണം കഴിഞ്ഞെങ്കിലും അപ്പ്രോച്ച് റോഡ് നിർമ്മാണവും ( ഒരുവശം ) ടാറിംഗുമായി ബന്ധപ്പെട്ട ജോലികളാണ് അവശേഷിക്കുന്നത്. നിർമ്മാണം പൂർത്തിയാകാൻ ഇനിയും മൂന്നുമാസത്തിൽ അധികം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ഗതാഗതം വഴിതിരിച്ചുവിട്ട് കുരുക്കൊഴിവാക്കുമെന്ന് അധികൃതർ നേരിട്ടെത്തി അറിയിച്ചിരുന്നതാണ്. എന്നാൽ ബദൽ റോഡ് വഴിയുള്ള യാത്ര പലരും ഉപേക്ഷിച്ചതോടെ വീണ്ടും സർവീസ് റോഡിൽ കുരുക്കായി.

@@@

വൺ വേ സംവിധാനം നടപ്പാക്കണം. ദിശ ബോർഡുകൾ സ്ഥാപിക്കണം. ട്രാഫിക് ഗാർഡ് നിയമിക്കണം

പി.എൻ. പുരുഷോത്തമൻ

ജോയിന്റ് സെക്രട്ടറി

സി.ഐ.ടി.യു തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി