amarjeet

കൊച്ചി: ഇന്ത്യയിൽ നൂറു കൊല്ലം മുമ്പ് നിലനിന്ന സാമൂഹിക അസമത്വം മോദി സർക്കാർ തിരിച്ചുകൊണ്ടുവന്നെന്ന് എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമ‌ർജീത് കൗർ പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന പ്രതിനിധി സമ്മേളനം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും ശതകോടീശ്വരന്മാരുടെ പക്കലാണെങ്കിലും നികുതി നല്കുന്നതിൽ അവ‌രിൽ പലരും വീഴ്ച വരുത്തുന്നു. കേന്ദ്രസ‌ർക്കാർ അവർക്കു വേണ്ടപ്പെട്ട വ്യവസായികളെ സഹായിക്കുന്ന തിരക്കിലാണ്. തൊഴിലാളി വർഗത്തിന്റെ അദ്ധ്വാനഫലങ്ങൾ കോർപ്പറേറ്റുകളിലേക്കാണ് എത്തുന്നത്.

സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആ‌ർ. ചന്ദ്രശേഖരൻ, സി.പി.ഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം എം.പി തുടങ്ങിയവരും സംസാരിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. ഇന്ന് പൊതുചർച്ച. നാളെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം, പ്രതിനിധി സമ്മേളനം, ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.