മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വർക്ക്‌ഷോപ്പ് തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. പേഴയ്ക്കാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിൽ വാഴപ്പിള്ളി ഐ.ടി.ആർ ജംഗ്ഷനിലെ കെട്ടിടത്തിൽ ടൂവീലർ പെയിന്റിംഗ് വർക്ക്‌ഷോപ്പ് നടത്തുന്ന മുളവൂർ വാരിക്കാട് ഫാമിലിയിൽ ചേന്നാട്ട് അഷറഫിനെയാണ് ഒരു സംഘം ആൾക്കാർ മർദ്ദിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തിരക്കൊഴിഞ്ഞ സമയം വർക്ക്‌ഷോപ്പിൽ കയറി അഷറഫിനെ സഹതൊഴിലാളിയുടെ മുന്നിലിട്ട് സംഘം ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ അഷറഫിനെ വർക്ക്ഷോപ്പ് അസോസിയേഷൻ ഭാരവാഹികളെത്തി മൂവാറ്റുപുഴ ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് സെന്റ് ജോർജ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ പതിനാല് വർഷമായി ഐ.ടി.ആർ ജംഗ്ഷനിലെ കെട്ടിടത്തിലാണ് അഷറഫ് വർക്ക്‌ഷോപ്പ് നടത്തുന്നത്. അടുത്തിടെ കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ ഉടമ ആവശ്യപ്പെട്ടു. എന്നാൽ പെട്ടെന്നുള്ള അറിയിപ്പായതിനാൽ മൂന്ന് മാസത്തെ സമയം ചോദിച്ചു. അടുത്തയാഴ്ച കെട്ടിടം ഒഴിയണമെന്ന അന്ത്യശാസനം നൽകി മലേഷ്യയ്ക്ക് ടൂർ പോയി. കെട്ടിടം ഒഴിയാത്തതിന്റെ വൈരാഗ്യത്തിൽ ഉടമയുടെ ഗുണ്ടകൾ അഷറഫിനെ ആക്രമിച്ചെന്നാണ് ആരോപണം. അഷറഫിനെ കൊലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് മൂവാറ്റുപുഴ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ ആവശ്യപ്പെട്ടു.