e

തൃപ്പൂണിത്തുറ: ആക്രിസാധനങ്ങൾ കുത്തിനിറച്ച് തലങ്ങും വിലങ്ങും പായുന്ന മോട്ടോർ ഘടിപ്പിച്ച മുച്ചക്ര സൈക്കിളുകൾ നഗരത്തിൽ അപകടഭീഷണി ഉയർത്തുന്നു. ഉത്തർപ്രദേശിൽ നിന്നും പശ്ചിമബംഗാളിൽ നിന്നുമുള്ള ആക്രിത്തൊഴിലാളികളാണ് കൂടുതലായി ഉപയോഗിക്കുന്നത്. സൈക്കിൾ കാറ്റഗറിയിൽ വരുന്നതിനാൽ സിഗ്നൽ പോലും നോക്കേണ്ടതില്ലെന്നാണ് ഇക്കൂട്ടരുടെ വാദം.

ദൂരസ്ഥലങ്ങളിൽ പോയും വേഗത്തിൽ ആക്രി ശേഖരിക്കാം, കൂടാതെ ഇരുമ്പ് ഉൾപ്പെടെയുള്ള ഭാരമേറിയ വസ്തുക്കളും കയറ്റാം എന്നിവയാണ് ഗുണം. അതിനാൽ ചെലവാക്കിയ തുക നഷ്ടമല്ലെന്ന് തൃപ്പൂണിത്തുറ ഭാഗത്ത് വാഹനം ഓടിക്കുന്ന ഡൽഹി സ്വദേശി അനിൽ ദുബെ പറയുന്നു.

250 വാട്ട്സിന് മുകളിൽ മോട്ടോർ പവറും 25 കി.മീറ്ററിലേറെ സ്പീഡും 60 കിലോയിലേറെ ഭാരവുമുള്ള വാഹനങ്ങൾ മാത്രമേ മോട്ടോർ വാഹന നിയമത്തിന്റെ കീഴിൽ വരുന്നുള്ളു. ട്രാഫിക് വകുപ്പിന് മുച്ചക്ര സൈക്കിളുകൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് വകുപ്പ് ജീവനക്കാർ തന്നെ പറയുന്നു.

40,000 രൂപ ചെലവ്

ഒരു സാദാ മുച്ചക്ര സൈക്കിൾ മോട്ടോറും ബാറ്ററിയും ചാർജറും ഘടിപ്പിച്ച് ഇ-സൈക്കിളാക്കാൻ 40,000 രൂപയോളം ചെലവുണ്ട്. ഒറ്റച്ചാർജിൽ 80 കി.മീറ്റർ വരെ സഞ്ചരിക്കാം. ഡൽഹിയിൽ നിന്ന് ഇത്തരം യൂണിറ്റുകൾ എത്തിക്കാൻ ഏജന്റുമാരുണ്ട്.

ഭീമമായ ഇൻഷ്വറൻസും ടാക്സുമടച്ച് ട്രാഫിക് നിയമങ്ങൾ പാലിച്ച് തൃപ്പൂണിത്തുറയിലെ ജനം ഊരാക്കുടുക്കിൽ യാത്ര ചെയ്യുമ്പോൾ തിരക്കേറിയ റോഡിൽ ഏറെസ്ഥലം കൈയേറി അലക്ഷ്യമായി പായുന്ന മുച്ചക്ര ഇ-സൈക്കിളുകൾ നിയമത്തിന്റെ പരിധിയിൽ വരാത്തത് ആശ്ചര്യകരമാണ്.

- ടി.കെ. സുനിൽ കുമാർ

തമ്പ് ഹോട്ടൽ ഉടമ

മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഇവർ ശക്തമായ നടപടി നേരിടേണ്ടിവരും. പൊലീസിന്റെ സഹകരണവും ഇക്കാര്യത്തിൽ അനിവാര്യമാണ്.

- ജി. അനന്തകൃഷ്ണൻ, ആർ.ടി.ഒ