മൂവാറ്റുപുഴ: കടാതി മേഖലയിൽ ദേശീയപാതയുടെ ഇരുവശങ്ങളിലെയും പ്രദേശങ്ങളിൽ രണ്ടാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങി. ശുദ്ധജലവിതരണം മുടങ്ങിയതോടെ നഗരസഭാ ചെയർമാൻ പി.പി. എൽദോസും വാർഡ് കൗൺസിലർ അമൽ ബാബുവും മൂവാറ്റുപുഴ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. തുടർന്ന് യു.ഡി.എഫ് കൗൺസിലർമാർ വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനിയറെ ഉപരോധിച്ചു. പ്രശ്നപരിഹാരം കാണാമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഫോൺ വഴി നഗരസഭ ചെയർമാന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

24, 25 വാർഡുകളിൽ രണ്ടാഴ്ചയായി കുടിവെള്ളം ലഭ്യമല്ല. നഗരത്തിലെ തന്നെ ഉയർന്ന പ്രദേശങ്ങളാണ് കുര്യൻമല, സംഗമം തുടങ്ങിയ ഇടങ്ങിളും കുടിവെള്ളക്ഷാമം രൂക്ഷമാണ്. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുമായി നഗരസഭാ ചെയർമാൻ നേരിട്ടും ഫോണിലൂടെയും നിരവധിതവണ ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു സമരം. കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് മന്ത്രിയെ പ്രശ്നം ധരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. സമരം ആരംഭിച്ചതോടെ മന്ത്രി ഇടപെട്ടു. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വേനൽ കനത്തതോടെ മേഖലയിൽ കുടിവെള്ള വിതരണം താറുമാറായ സ്ഥിതിയാണ്. നഗരത്തിലാകെ ഒന്നിടവിട്ട ദിവസങ്ങളിലാണ് കുടിവെള്ളം എത്തുന്നത്. ഉയർന്ന പ്രദേശങ്ങളിലാകട്ടെ കുടിവെള്ളത്തിന് ദിവസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പരാതി ഉയരുമ്പോൾ മറ്റ് പ്രദേശങ്ങളിലേക്കുള്ള ജലവിതരണം നിർത്തി പരാതിക്കാർക്ക് വെള്ളം നൽകുന്ന പൊടിക്കൈയാണ് ഉദ്യോഗസ്ഥർ പ്രയോഗിക്കുന്നത്.

വിതരണ കുഴലിന്റെ വാൽവ് പൂർണമായും തുറക്കാത്തതാണ് ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാത്തതിന് കാരണം. വിവിധ ഇടങ്ങളിൽ അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലും ജലവിതരണത്തിന്റെ താളംതെറ്റിക്കുന്നു. വേനലിന്റെ തുടക്കത്തിൽ തന്നെ ജലദൗർലഭ്യം നേരിട്ടതിനാൽ വരും മാസങ്ങളിൽ സ്ഥിതിഗതികൾ സങ്കീർണമാകും. നഗരസഭാ ചെയർമാൻ സമരം നടത്തിയതിന് പിന്നാലെ പൈപ്പിലെ ചോർച്ച കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പ്രവർത്തനം വാട്ടർ അതോറിട്ടി അധികൃതർ ആരംഭിച്ചു. ആവശ്യമെങ്കിൽ ചോർച്ച കണ്ടെത്തുന്നതിന് യന്ത്ര സഹായം ഉപയോഗപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുൾ സലാം, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എം. അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ ജോയിസ് മേരി ആന്റണി, ജോർജ് മണ്ണൂർ, ബിന്ദു ജയൻ, കെ.കെ. സുബൈർ, മഹിള കോൺഗ്രസ് ഭാരവാഹികളായ പി. രജിത, ടി.കെ. സിന്ധു, ജീന ബിജു, കോൺഗ്രസ് ഭാരവാഹികളായ പി.വി. സാജു, എ.കെ. നാരായണൻ എന്നിവർ പങ്കെടുത്തു.