
കൊച്ചി: ഒരു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകിട്ട് 7ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങി. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷന്റെ നേതൃത്വത്തിൽ യാത്രഅയപ്പു നൽകി. ലക്ഷദ്വീപ് അഗത്തിയിൽ നിന്ന് ഉച്ചയ്ക്ക് 2.40 ന് പ്രത്യേക വിമാനത്തിൽ എത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് തൃശൂരിൽ പോയി തിരികെ എത്തിയത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാനുമായ കെ. പത്മകുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബി.ജെ.പി നേതാക്കളായ ജിജി ജോസഫ്, എസ്. സജി, വി.കെ ബസിത് കുമാർ തുടങ്ങിയവരും സ്വീകരിക്കാനുണ്ടായിരുന്നു.