കൊച്ചി: നവീകരണം ആരംഭിച്ചതോടെ നോർത്ത് റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് തലവേദനയാവുന്നു. ഗത്യന്തരമില്ലാതെ റോഡരികിൽ വാഹനം പാർക്ക് ചെയ്യേണ്ട ഗതികേടിലായി യാത്രക്കാർ. ഇ.എസ്.ഐ ആശുപത്രിക്ക് സമീപമാണ് ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. രാവിലെ തന്നെ ഇവിടെ വാഹനങ്ങൾ നിറയും. പിന്നീട് എത്തുന്നവർക്കാണ് റോഡ് അരികിലും സമീപത്തെ സ്ഥാപനങ്ങളോട് ചേർന്നും വാഹനം പാർക്ക് ചെയ്യേണ്ടിവരുന്നത്. ഇതോടെ രണ്ട് വാഹനങ്ങൾക്ക് ഒരേസമയം ഇതുവഴി കടന്നു പോകാൻ കഴിയില്ല. നിലവിൽ രാവിലെയും വൈകിട്ടും നോർത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ടാക്‌സി വാഹനങ്ങളും പ്രീ പെയ്ഡ് ഓട്ടോറിക്ഷകളും പാർക്ക് ചെയ്യാനുള്ള സ്ഥല സൗകര്യമേ സ്റ്റേഷൻ പരിസരത്തുള്ളൂ. ആളുകളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി സ്വകാര്യ വാഹനങ്ങൾ സ്റ്റേഷനുള്ളിലേക്ക് കടക്കുന്നതും ഗതാഗതക്കുരുക്കിന് ഒരുകാരണമാണ്. വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിലവിൽ റെയിൽവേ സംവിധാനം ഒരുക്കിയിട്ടില്ല.
ഫൈനും കാഷ്ടവും
റെയിൽവേ സ്റ്റേഷൻ റോഡരികിൽ വാഹനം പാർക്ക് ചെയ്താൽ ഫൈൻ ഉറപ്പാണ്. തിരക്ക് വർദ്ധിച്ചതോടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. പാർക്കിംഗ് ഫീസ് നൽകി നിറുത്തിയിടുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് പക്ഷികളുടെ വിസർജ്യം വീഴുന്ന്. വാഹനം നിറുത്തിയിട്ട് തിരിച്ചു വരുമ്പോഴേക്കും വെള്ള പെയിന്റ് അടിച്ച പ്രതീതിയാണ്.
പൊടിയോട് പൊടി
സ്റ്റേഷൻ നവീകരണം ആരംഭിച്ചതിന് പിന്നാലെ പ്രദേശത്ത് പൊടി ശല്യവും രൂക്ഷം. സമീപത്തെ വ്യാപാര സ്ഥാപനങ്ങളെ പൊടിശല്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. റോഡുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കടകൾക്ക് മുന്നിൽ ഷീറ്റ് സ്ഥാപിച്ചാണ് പൊടി ശല്യത്തെ ഒരുവിധം തടയുന്നത്.