
കൊച്ചി: സ്വപ്നവീടിന്റെ ത്രിമാനരൂപം മണിക്കൂറിനുള്ളിൽ മുന്നിലേക്കെത്തിച്ച് അശ്വതി മാജിക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എ.ഐ) കൂട്ടുപിടിച്ചാണ് യുയുവ ആർക്കിടെക്ട് അശ്വതി ജോർജ്ജ് വീടിന്റെ പ്ലാൻ വരച്ചു നൽകുന്നത്. ഇഷ്ടപ്പെട്ട് സമ്മതം അറിയിച്ചാൽ വാസ്തുവിദ്യയും ആധുനിക എൻജിനിയറിംഗും സമന്വയിച്ച വിശദമായ പ്ലാൻ ദിവസങ്ങൾക്കകം നൽകും.
വീടെന്ന സ്വപ്നം നിറവേറ്റൽ ഇറങ്ങിത്തിരിക്കുന്നവരുടെ സമയം പാഴാക്കാത്ത സംവിധാനം സിവിൽ എൻജിനിയറിംഗിന് പഠിക്കുമ്പോൾ മുതൽ അശ്വതി ജോർജിന്റെ മോഹമായിരുന്നു. രണ്ടുമാസം മുമ്പ് ലക്ഷ്യം നേടിയ 27കാരിക്ക് ഇപ്പോൾ നിന്ന് തിരിയാൻ സമയമില്ല. വിവരം അറിഞ്ഞ നിരവധിപ്പേരാണ് വീടുകളും കെട്ടിടങ്ങളും മറ്റും നിർമ്മിക്കാൻ അശ്വതിയെ തേടിയെത്തുന്നത്.
2018ൽ രാജഗിരി കോളേജിൽ നിന്ന് ബിരുദംനേടിയ അശ്വതി ഖത്തറിലടക്കം ജോലി ചെയ്തപ്പോഴും മനസിലെ ആഗ്രഹം മുറുകെപ്പിടിച്ചു. പ്രവാസം മതിയാക്കി നാട്ടിലെത്തി ആത്മസുഹൃത്തും കമ്പ്യൂട്ടർ എൻജിനിയറുമായ ലിജു എം. സിബിയോട് ഇക്കാര്യം അറിയിച്ചു. അശ്വതിയുടെ ആശയപ്രകാരം ലിജു എ.ഐ പിന്തുണയിൽ സോഫ്റ്റ്‌വെയർ വികസിപ്പിച്ചു. ഇരുവരും ചേർന്ന് കൊച്ചിയിൽ ബിലാറ സ്‌പേസസ് എന്ന സ്ഥാപനവും തുറന്നു.
പ്ലാൻ വരച്ചുനൽകാൻ ഒരാഴ്ചയെടുക്കുമെന്ന് പറയുമ്പോൾ പലരും നിരാശരാകും. ആവശ്യങ്ങൾക്കനുസരിച്ച് ഒരുമണിക്കൂറിൽ വീടിന്റെ ത്രിമാനരൂപം നൽകിയാൽ ആളുകൾ സംതൃപ്തരാകും. ഒരുമണിക്കൂറിൽ വീടിന്റെ അകവും പുറവുമുൾപ്പെടെ സ്ക്രീനിൽ കാണിക്കും. തൃപ്തരാകുന്ന ഇടപാടുകാർ അന്തിമ പ്ളാൻ തയ്യാറാക്കുന്ന ജോലിയും ഏല്പിക്കും. അന്തിമപ്ലാൻ കൂടുതൽ വേഗത്തിൽ ലഭിക്കുന്ന വിധത്തിൽ സോഫ്റ്റ‌്വെയർ പരിഷ്കരിക്കുന്നുണ്ട്. ആലപ്പുഴ തുമ്പോളി സ്വദേശിനിയായ അശ്വതി ഭർത്താവ് ബിസ്റ്റോയ്ക്കൊപ്പം കാക്കനാട്ടാണ് താമസം.
കാത്തിരിപ്പില്ല
താത്പര്യങ്ങൾ അറിയിച്ചാൽ ആദ്യം ബ്ളൂപ്രിന്റ് വരയ്ക്കുന്നതാണ് സാധാരണരീതി. ഇതിന് ഒരാഴ്ച വരെയെടുക്കും. ഭേദഗതികൾ വരുത്തി അന്തിമപ്ളാൻ തയ്യാറാകാൻ മൂന്നും നാലും ആഴ്ചകൾ വേണ്ടിവരും. ഈ കാത്തിരിപ്പ് ഒരുമണിക്കൂറിലേക്ക് ചുരുക്കുകയാണ് അശ്വതി.
''ഒരുമണിക്കൂറിനുള്ളിൽ വീടിന്റെ ത്രിമാനരൂപവും ദിവസങ്ങൾക്കകം അന്തിമ പ്ലാനും നൽകും. സാധാരണക്കാർക്ക് താങ്ങാവുന്ന ഫീസേ ഈടാക്കൂ.""
അശ്വതി ജോർജ്