മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. മോഡൽ വി.എച്ച്.എസ്.എസ് എൻ.എസ്.എസിന്റെ നേതൃത്വത്തിലെ സപ്തദിന സഹവാസ ക്യാമ്പ് വാഴപ്പിള്ളി ജെ.ബി. സ്കൂളിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി ബിജു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ആറ് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ വിവിധ നൈപുണ്യ വികസന പദ്ധതികൾ നടപ്പാക്കി. ലഹരിവിരുദ്ധ തെരുവു നാടകവും സ്ത്രീധനവിരുദ്ധ സർവേയും നടത്തി. സമീപ പ്രദേശങ്ങളിലെ വീടുകളിൽ കാലാവസ്ഥാ വ്യതിയാന കലണ്ടർ വിതരണം ചെയ്തു. ക്യാമ്പ് സമാപനത്തോടനുബന്ധിച്ച് പ്രിൻസിപ്പൽ ജ്യോതി സി. പതാക താഴ്ത്തി. പ്രോഗ്രാം ഓഫീസർ ദീപ്തി സംസാരിച്ചു.