കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലിലെ പാർക്കിംഗ് സൗകര്യം പൂർണമായും ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 8,000 വാഹനങ്ങൾക്ക് നിലയ്‌ക്കലിൽ പാർക്കുചെയ്യാം. ഈ സൗകര്യം പൂർണമായും പ്രയോജനപ്പെടുത്തിയില്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ ദേവസ്വംബോർഡിനോടും സർക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലയ്ക്കലിലെ പാർക്കിംഗിന്റെ കാര്യത്തിൽ ദേവസ്വംബോർഡും പത്തനംതിട്ട എസ്.പിയും സത്യവാങ്മൂലം നൽകണം. കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാരെ ഹർജിയിൽ കക്ഷികളാക്കി. എരുമേലി ക്ഷേത്രത്തിലെ പാർക്കിംഗ് സൗകര്യം പൂർണമായും വിനിയോഗിച്ചശേഷമേ സ്വകാര്യ ഗ്രൗണ്ടിലേക്ക് വാഹനങ്ങളെ അനുവദിക്കാവൂ. അന്നദാനമടക്കമുള്ള സൗകര്യം ക്ഷേത്രത്തിന്റെ ഗ്രൗണ്ടിൽ മാത്രമാണുള്ളതെന്നത് കണക്കിലെടുത്താണ് നിർദ്ദേശം.

ജനുവരി രണ്ടിന് ഒരുലക്ഷത്തിലേറെ പേർ ദർശനം നടത്തി. ബുധനാഴ്ച വെർച്വൽക്യൂ പ്ളാറ്റ്‌ഫോമിൽ 80,000ത്തിലേറെ ബുക്കിംഗും 10,000 സ്പോട്ട് ബുക്കിംഗുമുണ്ടായിരുന്നു. മകരജ്യോതി ദർശനത്തിന് വ്യൂപോയിന്റിൽ സൗകര്യമൊരുക്കുന്ന കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരും ദേവസ്വംബോർഡും സമയംതേടി. നിലയ്ക്കലിൽ ഫാസ്‌ടാഗ് പാർക്കിംഗ് ഫീസ് പിരിക്കാലിന് രണ്ടാമതൊരു പ്ളാറ്റ്‌ഫോംകൂടി ഏർപ്പെടുത്തിയെന്ന് സർക്കാർ അറിയിച്ചു.