sfi-governor

കൊച്ചി: തിരുവനന്തപുരത്ത് ഡിസംബർ 11ന് ഗവർണറെ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത കേസിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ജനുവരി പത്തിലേക്ക് മാറ്റി. തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽനിന്ന് റിപ്പോർട്ട് തേടിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഹർജികൾ മാറ്റിയത്. ഒന്നുമുതൽ ഏഴുവരെ പ്രതികളായ യദുകൃഷ്‌ണൻ, ആഷിക് പ്രദീപ്, ആർ.ജി. ആശിഷ്, ദിലീപ്, റയാൻ, അമൻ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവരാണ് ജാമ്യംതേടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള വകുപ്പുകളും പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ വകുപ്പുകളും ചുമത്തിയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുള്ളത്.