ആലുവ: കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള സ്രോതസായ ഓഞ്ഞിത്തോട് വീണ്ടെടുക്കുന്നതിന്റെ ഭാഗമായുള്ള സർവേ നിർത്തിവെച്ചതിനെതിരെ ഓഞ്ഞിപ്പുഴ സംരക്ഷണ സമിതി വീണ്ടും നിയമയുദ്ധത്തിനൊരുങ്ങുന്നു. ഹൈക്കോടതിയെയും ഓംബുഡ്സ്‌മാനെയും സമീപിക്കാനാണ് തീരുമാനം.

കോടതിയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച സർവേയായതിനാൽ പഞ്ചായത്തുകൾക്കെതിരെ കോടതി അലക്ഷ്യത്തിന് ഹർജി നൽകുമെന്ന് സമിതി കൺവീനർ കെ.എസ്. പ്രകാശൻ അറിയിച്ചു. കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ ഓഞ്ഞിത്തോട് സംരക്ഷിക്കാൻ നടപടികളെടുക്കുന്നില്ലെന്ന് സമിതി യോഗം കുറ്റപ്പെടുത്തി. കടുങ്ങല്ലൂരിൽ 31 കൈയേറ്റങ്ങളും ആലങ്ങാട് 33 കൈയേറ്റങ്ങളുമാണ് കണ്ടെത്തിയത്. ഓഞ്ഞിത്തോട് അതിർത്തിയിൽ സർവേ കല്ലുകൾ ഇനി ഏതാനും ഭാഗത്തു കൂടി സ്ഥാപിക്കാനുണ്ട്. മൂന്ന് തവണ കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിലെത്തി സമിതി പ്രവർത്തകർ സെക്രട്ടറി, പ്രസിഡന്റ്, അസി. എൻജിനിയർ എന്നിവരെ കണ്ടെങ്കിലും പദ്ധതി ടെൻഡർ ചെയ്യുന്നതിൽ കാലതാമസം വരുത്തുകയാണെന്നാണ് ആക്ഷേപം. കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ തോട് സംരക്ഷണത്തിന് 25 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. 2022-23 വർഷത്തിലെ ബഡ്ജറ്റിൽ ഓഞ്ഞിത്തോട് സമഗ്ര വികസനം പദ്ധതി ജലസംരക്ഷണം എന്ന പേരിലാണ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനാവശ്യമായ നടപടികളെടുക്കാൻ ഇരു പഞ്ചായത്തുകളും തയാറാകുന്നില്ലെന്നാണ് ആരോപണം.

ഓഞ്ഞിത്തോട് വികസനത്തിന് 1998ൽ ഏലൂക്കരയിൽ കടുങ്ങല്ലൂർ പഞ്ചായത്ത് വാങ്ങിയ സ്ഥലം 2023 ൽ വീണ്ടും അളന്നപ്പോൾ കുറവ് കണ്ടെത്തിയിട്ടുണ്ട്. ഇത് വീണ്ടെടുക്കാൻ പറവൂർ തഹസിൽദാർ പഞ്ചായത്തിന് കത്ത് നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. റീസർവേ നടത്തി സ്ഥലം വീണ്ടെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഓഞ്ഞിത്തോട് സർവേ കഴിഞ്ഞിട്ടും മേൽനടപടികളിൽ വീഴ്ചവരുത്തിയ പഞ്ചായത്തിന് എതിരെ ഓംബുഡ്‌സ്മാനെ സമീപിക്കാൻ സംരക്ഷണ സമിതി തീരുമാനിച്ചു. യോഗത്തിൽ സമിതി ആക്ടിംഗ് ചെയർമാൻ ടി.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.