പറവൂർ: ദൈവദാസൻ ജോർജ് വാകയിലച്ചന്റെ ജന്മനാടും മദർ ഏലീശ്വയുടെ കർമ്മഭൂമിയും വിശുദ്ധപൂജ്യശരീരവും അലിഞ്ഞുചേർന്ന കൂനമ്മാവ് ഗ്രാമം പുണ്യാത്മക്കളുടെ ഭൂമിയാണെന്ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചാവറ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ഫാ. കപ്പിസ്റ്റൻ ലോപ്പസ് വചനസന്ദേശം നൽകി. ഫാ. കുര്യാക്കോസ് ചന്ദനപ്പറമ്പിൽ, ഫാ. സേവ്യർ കുട്ടൻചാലിൽ, ഫാ. ജിബിൻ കൈമാലോത്ത്, ഫാ. ജീസൺ തണ്ണിക്കോട്ട്, ഫാ. ജോബി ആലപ്പാട്ട് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് വൃക്ക, കാൻസർ രോഗികൾക്ക് ധനസഹായം വിതരണം ബിഷപ്പ് ഡോ. അലക്സ് വടക്കുംതല നിർവഹിച്ചു.