
കൊച്ചി: നഗരത്തിൽ ആഘോഷം തീർത്ത പത്താമത് ദേശീയ സരസ് മേളയിൽ റെക്കാഡ് നേട്ടം. ഇതിലെ ഭക്ഷ്യമേളയിൽ ഏറ്റവും വലിയ വിറ്റുവരവാണ് നേടിയത്. 1.39 കോടി രൂപ. ഒരു ദിവസം നേടിയ ഏറ്റവും വലിയ വിറ്റുവരവ് 20 ലക്ഷം രൂപയാണ്. ഇതും റെക്കാഡാണ്.
40 ഭക്ഷ്യ സ്റ്റാളുകളും 250 വിപണന സ്റ്റാളുകളുമാണ് മേളയിലുണ്ടായിരുന്നത്. വിപണന സ്റ്റാളുകളിൽ നിന്ന് 1.04 കോടി രൂപയുടെ വിറ്റു വരവ് നേടി. ആകെ 11.83 കോടി രൂപയുടെ വിറ്റ് വരവാണുണ്ടായത്.
മേളയിൽ ഏറ്റവും ജനപ്രിയമായി മാറിയത് കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടായിരുന്നു. ഇന്ത്യ ഓൺ എ പ്ലേറ്റ് എന്ന ആശയത്തിൽ ഒരുക്കിയ ഭക്ഷ്യ മേള വഴി ഇന്ത്യയുടെ രുചി വൈവിദ്ധ്യങ്ങൾ വിളമ്പാൻ സരസിന് കഴിഞ്ഞു. 40 ഫുഡ് കോർട്ടുകളിലായി 156 സംരംഭകരാണ് ഇന്ത്യൻ ഫുഡ് കോർട്ടിന്റെ ഭാഗമായി അണിനിരന്നത്. 39000 ചതുരശ്ര അടി വിസ്തീർണത്തിൽ ഫുഡ് കോർട്ടുകളും 5000 ചതുരശ്ര അടിയിൽ അടുക്കളയുമായി സജ്ജമാക്കിയ ഭക്ഷ്യമേളയുടെ ഏറ്റവും വലിയ പ്രത്യേകത തുറന്ന അടുക്കളയായിരുന്നു.
കുടുംബശ്രീയുടെ പരിശീലന ഗവേഷണ കേന്ദ്രമായ ഐഫ്രത്തിലെ പാചക വിദഗ്ദ്ധരാണ് അടുക്കളയ്ക്ക് നേതൃത്വം നൽകിയത്. ഓരോ വിഭവങ്ങളും ഷെഫുമാരുടെ ഡെസ്‌ക്കിലെത്തി പരിശോധനയ്ക്കുശേഷമാണ് ഫുഡ് കോർട്ടുകളിൽ വിളമ്പിയത്. ഓരോ ദിവസവും ഭക്ഷ്യമേളയിലെ ഓരോ സംരംഭകർക്ക് ലഭിക്കുന്ന തുകയുടെ 20 ശതമാനം കുടുംബശ്രീ ഈടാക്കിയിരുന്നു.