മൂവാറ്റുപുഴ: കടാതിയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ല.

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ കടാതി ഷാപ്പുംപടിക്ക് സമീപം ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. കോലഞ്ചേരി ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേയ്ക്ക് വരികയായിരുന്ന കാറും എതിർദിശയിൽ ചരക്കുമായെത്തിയ മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ നീക്കംചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൊടുംവളവായ മേഖലയിൽ അപകടസാദ്ധ്യത ഏറെയാണെന്നും ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വീതികൂട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.